പതിവ് തെറ്റിച്ചില്ല, സ്നേഹക്കിറ്റെത്തി

ഓണക്കിറ്റ് വിതരണം കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
നാദാപുരം
"കുട്ടിക്കാലത്തെ ഇല്ലായ്‌മകളുടെ ഓണനാളുകളാണ് അവശതയനുഭവിക്കുന്നവർക്ക് കരുതലൊരുക്കാൻ പ്രേരിപ്പിച്ചത്. മറ്റുള്ളവർക്കുകൂടി പങ്കുവയ്‌ക്കുകയെന്ന, തന്നാൽ കഴിയുന്ന ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്’– കല്ലാച്ചി എം ടി ഹോട്ടൽ ഉടമ എം ടി കുഞ്ഞിരാമന്റെ വാക്കുകൾക്ക് ഒന്നര പതിറ്റാണ്ടിന്റെ ആത്മവിശ്വാസവും ജീവിതാനുഭവവുമുണ്ട്. ഹോട്ടൽ കച്ചവടത്തിലെ വരുമാനത്തിൽനിന്ന് ദിവസവും നിശ്ചിത സംഖ്യ മാറ്റിവച്ചാണ് കുഞ്ഞിരാമൻ നൂറുകണക്കിന് കുടുംബങ്ങളെ ഓണമൂട്ടാൻ വഴികണ്ടെത്തുന്നത്. അഞ്ച് പേർക്ക് നൽകിയായിരുന്നു ഓണക്കിറ്റ് വിതരണത്തിന്റെ തുടക്കം. 15 വര്‍ഷംമുമ്പ് തുടങ്ങിയ ഓണക്കിറ്റ് വിതരണം ഇത്തവണയും തെറ്റിച്ചില്ല. 170 കുടുംബങ്ങളിലേക്ക് സ്‌നേഹമെത്തി.
ഓണം, -വിഷു, -റംസാൻ ആഘോഷവേളകളിലാണ് അരി, പഞ്ചസാര, പായസ കിറ്റ്, വെള്ളിച്ചെണ്ണ, പലവ്യഞ്ജന സാധനങ്ങൾ ഉൾപ്പെടെയുള്ള കിറ്റ് നൽകിവരുന്നത്. ഓരോപ്രദേശത്തെയും അവശതയനുഭവിക്കുന്ന, അർഹരായ കുടുംബത്തെ കണ്ടെത്തിയാണ് കിറ്റുകൾ കൈകളിൽ എത്തിക്കുന്നത്.
കല്ലാച്ചി ടൗണിൽ സിപിഐ എം ഓഫീസ് പരിസരത്താണ് എം ടി ഹോട്ടൽ. കിറ്റ് വിതരണത്തിന് കുഞ്ഞിരാമനൊപ്പം ഭാര്യ ഗീതയുമുണ്ട്. കല്ലാച്ചി ചെത്ത് തൊഴിലാളി ഹാളിൽ നടന്ന ചടങ്ങിൽ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ കിറ്റ് വിതരണം ഉദ്ഘാടനംചെയ്തു. വി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. തിരുവനന്തപുരം എയർപോർട്ട് അതോറിറ്റിയിൽനിന്ന് വിരമിച്ച ചിത്രകാരൻകൂടിയായ കെ പി സുരേഷ്, ടോപ് സിംഗർ ഫെയിം ദേവദർശ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി കെ രാജേഷ്, കെ അപർണ, പി വി ജയലക്ഷ്മി, സി എച്ച് ബാലകൃഷ്ണൻ, എം എം അശോകൻ, കരിമ്പിൽ ദിവാകരൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു. എം ടി കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.










0 comments