ഓണത്തിരക്കിലേക്ക്...
വിപണി "ഓൺ'

കോഴിക്കോട് മിഠായി തെരുവിലെ ഓണ വിപണികളിലെ തിരക്ക്
കോഴിക്കോട്
ഓണനാളുകളുടെ ഓളത്തിലേക്ക് നാടും നഗരവും. പൂക്കൾ, പച്ചക്കറി, വസ്ത്രം തുടങ്ങിയ മേഖലയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. അത്തം തുടങ്ങാൻ രണ്ട് നാൾ മാത്രം ശേഷിക്കെ, നഗരത്തിൽ ഓണവിപണികൾ ഉണര്‍ന്നുകഴിഞ്ഞു. മഴ മാറിനിന്നതോടെ, തിരക്ക് മുൻകൂട്ടി കണ്ട് സാധനങ്ങൾ നേരത്തേ വാങ്ങിക്കൂട്ടുകയാണ് ആളുകൾ.
പുത്തൻ കോടികൾ റെഡി
ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുന്നുണ്ടെങ്കിലും കടകളിൽ നേരിട്ടെത്തി വസ്ത്രം വാങ്ങിക്കുന്നതാണ് കോഴിക്കോട്ടുകാര്‍ക്ക് പ്രിയം. തുണിക്കടകളിലും മാളുകളിലുമെല്ലാം ഓണക്കോടിയ്ക്കുള്ള പുത്തൻ സ്റ്റോക്ക് എത്തിക്കഴിഞ്ഞു. മിഠായിത്തെരുവിലെ കടകളിലും ഓഫറുകൾ തുടങ്ങി. പഴയ സ്റ്റോക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. ഭൂരിഭാഗം കടകളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തെരുവ് കച്ചവടങ്ങളും ഉടൻ സജീവമാകും. ഖാദി, കൈത്തറി വസ്ത്രങ്ങളും വിൽപ്പനയിൽ സജീവമാണ്.
ഓഫര്‍ മേളം
ഗൃഹോപകരണങ്ങൾക്ക് വൻ ഓഫറുകളും സമ്മാന പദ്ധതികളും നൽകിയാണ് കടകളുടെ മത്സരം. റഫ്രിജറേറ്റർ, ടിവി, വാഷിങ് മെഷീ ൻ, മിക്സി തുടങ്ങിയവയെല്ലാം വാങ്ങാൻ ഓണം സീസൺ കാത്തിരിക്കുന്നവരാണ് ഭൂരിഭാഗവും. പവര്‍ കട്ട് തിരികെ വന്നതിനാൽ ഇൻവര്‍ട്ടറിനും ഇത്തവണ ആവശ്യക്കാരേറെ. പഴയത് മാറ്റിയെടുക്കാന്നുമുണ്ട്. മൊബൈൽഫോണുകളാണ് വിൽപ്പനയിൽ മുന്നിൽ.
സദ്യവട്ടങ്ങൾ തേടി
വിലക്കയറ്റം സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയെങ്കിലും മുണ്ട് മുറുക്കിയും ഓണമുണ്ണണമെന്നതാണ് മലയാളികളുടെ ശീലം. പച്ചക്കറികൾക്കും പഴങ്ങൾക്കും പലചരക്കിനുമെല്ലാം വില കുത്തനെ കൂടിയിട്ടുണ്ട്. ഉള്ളി, ഇഞ്ചി, മുളക്, പയര്‍, കാരറ്റ്, ബീൻസ് എന്നിവയ്ക്കെല്ലാം വില കൂടി. മഴക്കാലത്ത് പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതും കനത്ത മഴയിൽ കൃഷി നശിച്ചതും അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതും തിരിച്ചടിയായി. സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വറുത്തുപ്പേരിക്കും ശര്‍ക്കര ഉപ്പേരിക്കും വില 400 മുതൽ 460 വരെയായി. നേന്ത്രക്കായയുടെ വരവ് കുറഞ്ഞതും വില കൂടാന്‍ കാരണമായി.
നിറമേകാൻ ‘നിറപ്പൊലിമ’
ജില്ലയിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇക്കുറി ‘നിറപ്പൊലിമ’യെന്ന പേരിൽ 09.35 ഏക്കറിൽ കൃഷിയിറക്കി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനിലെയും 322 വാർഡുകളിൽ പൂക്കൃഷി നടക്കുന്നുണ്ട്. ചെണ്ടുമല്ലിയാണ് ഇതിൽ കൂടുതലും. പൂക്കളത്തിൽ നിറഞ്ഞുനിൽക്കാറും ചെണ്ടുമല്ലിയാണ്. കുടുംബശ്രീ സിഡിഎസുകൾക്ക് കീഴിലുള്ള സംഘകൃഷി ഗ്രൂപ്പുകളാണ് (ജെഎൽജി) കൃഷിക്ക് നേതൃത്വം നൽകുന്നത്.










0 comments