ട്രയൽ റൺ ഇൗ മാസം
പന്തീരാങ്കാവിൽ ടോൾ പിരിവ് ഒക്ടോബർ പകുതിയോടെ

ദേശീയപാതയിൽ കോഴിക്കോട് പന്തീരാങ്കാവിന് സമീപത്തെ കൂടത്തുംപാറയിലെ ടോൾ പ്ലാസ
സ്വന്തം ലേഖകൻ കോഴിക്കോട് ദേശീയപാത രാമനാട്ടുകര – വെങ്ങളം റീച്ചിലെ പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ഒക്ടോബർ പകുതിയോടെ പിരിവ് ആരംഭിക്കാൻ ദേശീയപാത അതോറിറ്റിയുടെ തീരുമാനം. സെപ്‌തംബർ മാസം അവസാനത്തോടെ ട്രയൽ റൺ നടത്താനുള്ള ഒരുക്കത്തിലാണ് അതോറിറ്റി. വിവിധ വാഹനങ്ങളുടെ നിരക്ക് സംബന്ധിച്ച് അവസാന തീരുമാനമായിട്ടില്ല. ഡൽഹി കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ടോൾ പ്ലാസ നടത്തിപ്പ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ടെൻഡറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. രണ്ടാമത്തെ ടെൻഡറിലാണ് കരാറുറപ്പിച്ചത്. നാലുചക്ര വാഹനങ്ങൾക്ക് ഒരു യാത്രയ്‌ക്ക് 80നും 90നും ഇടയിലാകും ഫീസ് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ ഉത്തരവുണ്ടാകും. പന്തീരാങ്കാവിനടുത്ത കൂടത്തുംപാറയിലാണ് ടോൾ പ്ലാസ നിർമിച്ചിരിക്കുന്നത്. അഞ്ച് പ്രവേശന കവാടങ്ങളാണ് പ്ലാസയിലുള്ളത്. കാറുകൾക്കും ചെറുവാഹനങ്ങൾക്കും ലോറിയും ബസുമടക്കമുള്ള വാഹനങ്ങൾക്കും രണ്ട് വീതം ട്രാക്കുകളുണ്ട്. വീതിയേറിയ വാഹനങ്ങൾക്ക് കടന്നുപോകാനായി പ്രത്യേക ലൈനുമുണ്ടാകും. റോഡിന്റെ ഇരുഭാഗങ്ങളിലുമായാണ് ടോൾ പ്ലാസ ക്രമീകരിച്ചിരിക്കുന്നത്. ഇരുവശത്തും ഒരു ലൈൻ ഇരുചക്ര, ഓട്ടോറിക്ഷ യാത്രക്കാർക്കായി ഒഴിച്ചിടും. ഇതുവഴി കടന്നുപോകുന്നവരിൽനിന്ന് പണം ഇൗടാക്കില്ല. പ്രദേശവാസികൾക്ക് പ്രത്യേക പാസ് എടുത്തും യാത്രചെയ്യാം. 350 രൂപയാണ് ഒരു മാസത്തേക്ക് ഫീസ്. പ്രദേശവാസിയാണെന്ന രേഖകൾ ഹാജരാക്കിയാൽ പാസ് സ്വന്തമാക്കാം. ടാക്സി വാഹനങ്ങൾക്ക് ഇൗ ഇളവുണ്ടാകില്ല.









0 comments