ദേശീയപാതാ അധികൃതരുടെ അശാസ്ത്രീയ നിർമാണം
മുക്കാളിയിൽ വീണ്ടും മണ്ണിടിഞ്ഞു; കുടുംബങ്ങൾ ആശങ്കയിൽ

ദേശീയപാത മുക്കാളിയിൽ സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലായ വീട്
ഒഞ്ചിയം
മുക്കാളിയിൽ ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായുള്ള സംരക്ഷണ ഭിത്തി തകർന്ന് മൂന്നു വീടുകൾ അപകട ഭീഷണിയിൽ. നിരവധി തവണയായി മണ്ണിടിഞ്ഞ ഭാഗത്താണ് തിങ്കൾ ഉച്ചയോടെ നിർമാണം നടക്കുന്നതിനിടെ വീണ്ടും വൻ തോതിൽ മണ്ണിടിഞ്ഞത്. മുക്കാളി കൈതോക്കുന്ന് ദേവരാജന്റ വീടിന് മുന്നിൽ ഒരു മീറ്റർ അകലെ മണ്ണിടിഞ്ഞതോടെ വീട് അപകട ഭീഷണിയിലായി. തൊട്ടടുത്ത് പുതുതായി നിർമിക്കുന്ന പുനത്തിൽ അഭിലാഷ്, സനിൽ എന്നിവരുടെ വീടുകളും ഭീഷണിയിലാണ്. ദേശീയപാതാ അധികൃതരുടെ അശാസ്ത്രീയമായ നിർമാണമാണ് സംരക്ഷണഭിത്തി നിരവധി തവണ തകരാനിടയായത്. നേരത്തെ മണ്ണിടിഞ്ഞ ഭാഗത്ത് താഴ്‌ചയിൽ വൻ കുഴിയെടുത്തതാണ് തിങ്കൾ ഉച്ചയോടെ വൻ തോതിൽ മണ്ണിടിയാൻ ഇടയായത്. ദേവരാജന്റെ വീടിനോട് ചേർന്ന കിണറും തകർച്ചാ ഭീഷണിയിലാണ്. മൂന്നു മാസം മുമ്പ് പ്രദേശത്ത് മണ്ണിടിഞ്ഞ് ആശങ്ക പരന്നപ്പോൾ കെ കെ രമ എംഎൽഎ, ഷാഫി പറന്പിൽ എംപി എന്നിവർ സ്ഥലം സന്ദർശിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. മണ്ണിടിച്ചിൽ തുടർക്കഥയായ പ്രദേശത്ത് സംരക്ഷണ ഭീത്തിയുടെ നിർമാണം ഉടൻ പൂർത്തീകരിച്ചു കുടുംബങ്ങളുടെ ആശങ്കയകറ്റണമെന്ന് സിപിഐ എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments