ad
Deshabhimani

നിന്നുകത്തിയ മൂന്ന്‌ മണിക്കൂർ

ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപിടിത്തം

ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Feb 18, 2026, 02:24 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ സമയം വൈകിട്ട്‌ ആറോടടുത്തു. ജോലിത്തിരക്കുകളിൽനിന്ന്‌ മാറി ജനം ഷോപ്പിങ്ങിനും മറ്റുമായി നഗരത്തിലിറങ്ങി. പുഷ്‌പ ജങ്‌ഷനിലെ ജയലക്ഷ്‌മി സിൽക്സിനകത്തും നൂറുകണക്കിനാളുകളുണ്ടായിരുന്നു. മൂന്നാം നിലയുടെ പിൻഭാഗത്തുനിന്ന്‌ തീ ഉയർന്നതോടെ നഗരത്തിലാകെ ആശങ്കയുടെ പുക പടർന്നു. പിന്നീടുള്ള മൂന്ന്‌ മണിക്കൂർ നഗരത്തിന്റെ ഏറ്റവും തിരക്കേറിയ പാളയത്ത്‌ നാലുനില കെട്ടിടം അക്ഷരാർഥത്തിൽ നിന്ന്‌ കത്തി. ആശങ്കയിൽ നീറിപ്പുകഞ്ഞ്‌ നഗരവും. ജീവനക്കാരാണ്‌ കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്ന്‌ പുക ഉയരുന്നത്‌ ആദ്യം കണ്ടത്‌. തീപിടിച്ചുവെന്ന്‌ മനസ്സിലാക്കി മുഴുവനാളുകളെയും പുറത്തിറക്കി. 156 ജീവനക്കാരാണ്‌ കടയ്ക്കുള്ളിലുണ്ടായിരുന്നത്‌. നൂറുകണക്കിന്‌ ഉപഭോക്താക്കളും സംഭവസമയം കടയിലുണ്ടായിരുന്നു. തീ ആളിപ്പടർന്നതോടെ പ്രദേശമാകെ പുക ഉയർന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ ബീച്ച്‌ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ആകെ 24 യൂണിറ്റുകളാണ്‌ തീയണയ്‌ക്കാൻ മുന്നിട്ടിറങ്ങിയത്‌. തീപിടിത്തമുണ്ടായ കെട്ടിടത്തിന്‌ സമീപം പെട്രോൾ പമ്പുകളും മറ്റുമുള്ളത്‌ ആശങ്ക വർധിപ്പിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക്‌ തീ പടരാനും സാധ്യതയുണ്ടായിരുന്നു. അപകടം സംഭവിച്ചയുടൻ നഗരം പൊലീസിന്റെ നിയന്ത്രണത്തിലായി. റെയിൽവേ സ്റ്റേഷനിലേക്കും പാളയം ബസ്‌ സ്റ്റാൻഡിലേക്കുമുള്ള യാത്രികരെ മറ്റുവഴികളിലൂടെ സുരക്ഷിതരായി എത്തിച്ചു. റെയിൽവേ സർവീസുകൾ സുഗമമായി നടന്നു. ലിങ്ക്‌ റോഡിലൂടെയും മേലേപാളയം റോഡിലൂടെയുമാണ്‌ റെയിൽവേ സ്റ്റേഷനിലേക്ക്‌ ആളുകളെ എത്തിച്ചത്‌. നഗരത്തിലേക്കുള്ള ബസ്‌ സർവീസുകൾ മറ്റ്‌ റോഡുകളിലൂടെ തിരിച്ചുവിട്ടു. സ്ഥലത്തെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്നും രക്ഷാപ്രവർത്തനത്തിന്‌ തടസ്സം വരുത്തരുതെന്നുമുള്ള നിരന്തര അറിയിപ്പും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ സജീവമായി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത്‌ വൈദ്യുതിബന്ധവും പൂർണമായി വിഛേദിച്ചിരുന്നു. എട്ടരയോടെ തീയണയ്ക്കാൻ സാധിച്ചതോടെയാണ്‌ നഗരത്തിൽ ആശങ്കയ്ക്ക്‌ വിരാമമായത്‌. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, മേയർ ഒ സദാശിവൻ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, എം കെ രാഘവൻ എം പി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home