ദയാവധം പറഞ്ഞവർ കാണണം നദീറിന്റെ ജീവിതം

നദീർ അലി
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Sep 09, 2025, 02:03 AM | 1 min read
കുന്നമംഗലം വന്നുചേരുന്ന അനേകം പ്രതിസന്ധികളിൽ കടപുഴകിവീഴാതെ മണ്ണിൽ വേരാഴ്‌ത്തി നിൽക്കാൻ ജീവിതം നദീർ അലിയെ പഠിപ്പിക്കുന്നു. സ്വന്തം ജീവിതത്തെ ഉയർത്തുക മാത്രമല്ല നിസ്സഹായരായ അനേകം ഭിന്നശേഷിക്കാർക്ക് ദിശാബോധവും പ്രചോദനവുമാകുകയാണ് ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങൽ അമ്പലക്കണ്ടി നദീർ അലി (40). അലിയുടെയും ഫാത്തിമയുടെയും മൂത്ത മകനായ നദീർ അലി ഭിന്നശേഷി സ്വഭാവത്തോടെയാണ് ജനിച്ചത്. കണ്ടവരും കുടുംബക്കാരും കുട്ടിക്ക് ദയാവധം നൽകുകയാണ് ഉചിതമെന്ന് നിർദേശിച്ചു. അലിയുടെയും ഫാത്തിമയുടെയും ഉള്ളുപിടഞ്ഞു. എന്നാൽ അതിലൊന്നും തളരാതെ അവർ കുഞ്ഞിനെ വളർത്താൻ തീരുമാനിച്ചു. മറ്റ് കുട്ടികളെപോലെ സ്‌കൂളിൽ പോവാൻ കഴിയില്ലല്ലോ എന്ന വിഷമം നദീർ അലിയുടെ മനസ്സിനെ പൊള്ളിച്ചു. എന്നാൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകി ഉമ്മ ധൈര്യമേകി. പത്താം ക്ലാസ് പ്രൈവറ്റായി പാസായി ആർഇസി ജിഎച്ച്എസിൽ പ്ലസ് വണ്ണിന് ചേർന്നു. സ്കൂളിലേക്കുള്ള യാത്ര പ്രശ്നമായപ്പോൾ വിദേശത്ത് ജോലിയുണ്ടായിരുന്ന ഉപ്പ മകനുവേണ്ടി ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഒരു ഓട്ടോറിക്ഷ വാങ്ങി. എംഎഎംഒ കോളേജിൽ ബിരുദപഠനം. തുടർന്ന് ഫാറൂഖ് കോളേജിൽനിന്ന് പി ജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ പൂർത്തിയാക്കി. ഒരു ജോലി നേടുക വെല്ലുവിളിയായി. നിറവ് വേങ്ങേരിയുടെ ഡയറക്ടറായ ബാബു പറമ്പത്തുമായുള്ള സൗഹൃദം നദീറിന്റെ ജീവിതം മാറ്റിമറിച്ചു. എൻഐടിയിൽ വെബ്സൈറ്റ് വർക്കിങ് സെന്ററിൽ ഒരു ജോലി ശരിയായെങ്കിലും കോവിഡ് വന്നതോടെ ജോലിക്ക് പോവാതായി. തുടർന്ന് വർക്ക് അറ്റ് ഹോം സംവിധാനത്തിലേക്ക് നീങ്ങി. ഇന്ന് ഇന്ത്യക്ക് അകത്തും പുറത്തുനിന്നും ധാരാളം ഓഫറുകൾ നദീറിന് ലഭിക്കുന്നു. നിലവിൽ ഐടി അറ്റ് നിറവിന്റെ കോ ഓർഡിനേറ്ററാണ് ഇദ്ദേഹം. പരിമിതികളെ അതിജീവിച്ച് സുഹൃത്ത് റഹീമിന്റെ ഓട്ടോയിൽ ന്യൂഡൽഹി വരെ സഞ്ചരിച്ചത് മറ്റൊരു വിസ്‌മയം. പരിമിതികൾ അറിഞ്ഞുകൊണ്ടുതന്നെ ഭാര്യ റാബിയ ഇന്ന് താങ്ങും തണലുമായി ഒപ്പമുണ്ട്. നദീറിന്റെ ജീവിതം പറയുന്ന എട്ട് മിനിറ്റുള്ള ഒരു ഡോക്യു ഫിലിം തയ്യാറായിട്ടുണ്ട്. ഡോ. ദീപേഷ് കരിമ്പുങ്കര സ്ക്രിപ്റ്റും വൈശാഖ് ജോജൻ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ‘അതിജീവിത വായന'യുടെ നിർമാണം നിറവ് വേങ്ങേരിയാണ്.









0 comments