കുരുക്കോട് കുരുക്ക്
നരകമീ നഗരയാത്ര

പൊറ്റമ്മലിലെ ഗതാഗതക്കുരുക്ക്
സ്വന്തം ലേഖകൻ കോഴിക്കോട് രൂക്ഷമായ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ് നഗരം. രാവിലെയും വൈകിട്ടും കുരുക്ക് നിയന്ത്രണാതീതമാണ്. ചെറുവണ്ണൂർ മേൽപ്പാലത്തിലെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചെറുവണ്ണൂർ റോഡ് പൂർണമായി അടച്ചതും അറപ്പുഴ പാലത്തിലെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയിൽ ഒരു ഭാഗമടച്ചതുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ഗർഡറുകൾ സ്ഥാപിച്ചതോടെ ചെറുവണ്ണൂർ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. പന്തീരാങ്കാവ് – മാങ്കാവ് റോഡിലെ കുരുക്ക് വിവരണാതീതമാണ്. ദേശീയപാതയിൽ പനാത്തുതാഴത്ത് സിഡബ്ല്യുആർഡിഎം, നേതാജി നഗർ റോഡ് മുറിഞ്ഞത് വലിയ പ്രതിസന്ധിയാണ്. ഇവിടെ ഉയരപ്പാത നിർമിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയിരുന്നു. കുന്നമംഗലം ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ തൊണ്ടയാട് വരെയും സർവീസ് റോഡിലൂടെ ഇരുവശത്തേക്കുമായാണ് കടത്തിവിടുന്നത്. ഇത് മിക്കപ്പോഴും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നു. മാവൂർ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ദീർഘദൂര കെഎസ്‌ആർടിസി, സ്വകാര്യ ബസ്സുകൾ കുരുക്കിൽപ്പെട്ട് കിടക്കുന്ന സാഹചര്യമാണുള്ളത്. സ്കൂൾ, ഓഫീസ് സമയങ്ങളിൽ കുരുക്ക് അതിരൂക്ഷമാണ്. മലാപ്പറമ്പിലും സ്ഥിതി വ്യത്യസ്‌തമല്ല. കാരപ്പറമ്പ് ജങ്‌ഷനാണ് മറ്റൊരിടം. ഇവിടെ ജങ്‌ഷൻ നവീകരിച്ച് കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ദേശീയപാതയിൽ അറപ്പുഴ പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമുണ്ട്. അറപ്പുഴ പാലത്തിൽ ഒരു വരിയിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കാണ്. ഇത് പന്തീരാങ്കാവ് വരെ നീളുന്നതോടെ സർവീസ് റോഡുകളടക്കം നിശ്ചലമാകും. ഡ്രൈവർമാരുടെ അശ്രദ്ധയും നിയമലംഘനങ്ങളും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നുമുണ്ട്. ഫ്രീ ലെഫ്‌റ്റ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് ട്രാഫിക് പൊലീസിന്റെ ശ്രമം.








0 comments