ad
Deshabhimani

3 റോഡിനായി അനുവദിച്ചത് 4.84 കോടി

നഗരത്തിൽ കുരുക്കഴിയും

ഗതാഗതക്കുരുക്ക്
വെബ് ഡെസ്ക്

Published on Jan 18, 2026, 01:07 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് നഗരത്തിലെ തിരക്കേറിയ മൂന്ന് റോഡുകളിൽ ഇനി യാത്ര കൂടുതൽ സുഗമമാകും. ഗതാഗതക്കുരുക്ക് ഒഴിവാക്കി, സുഗമ യാത്ര സാധ്യമാക്കാനായി റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത് 4.84 കോടി രൂപ. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കല്ലായ് – മാനാരി റോഡിനായി 1.15 കോടിയും റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിനായി 60 ലക്ഷവും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ പൊറ്റമ്മൽ – പാലാഴി – പുത്തൂര്‍മഠം റോഡിനായി 3.09 കോടിയുമാണ്‌ അനുവദിച്ചത്. ദേശീയപാതയെയും കോഴിക്കോട് മിനി ബൈപാസിനെയും ബന്ധിപ്പിക്കുന്നതാണ് കല്ലായ്– മാനാരി റോഡ്. ഇതിന്റെ 460 കിലോ മീറ്റര്‍ ബിഎം– ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്. കലുങ്ക് / ഓവുചാൽ നിര്‍മാണം, വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഇന്റര്‍ലോക്ക് വിരിക്കൽ തുടങ്ങിയ പ്രവൃത്തികളും നടപ്പാക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡും ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. നടപ്പാതയിലെ ടൈലുകളും കൈവരിയും മാറ്റും. പെയിന്റിങ് ഉൾപ്പെടെ നടത്തിയാണ് റോഡിന്റെ മുഖം മിനുക്കുക. മാനാഞ്ചിറയെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനാൽ കൂടുതൽ പേര്‍ ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. പൊറ്റമ്മൽ– പാലാഴി– പുത്തൂര്‍മഠം റോഡിൽ പൊറ്റമ്മൽ ജങ്ഷൻ മുതൽ ഹൈലൈറ്റ് മാൾ ജങ്ഷൻ വരെയുള്ള ഭാഗമാണ് നവീകരിക്കുക. ദേശീയപാത 66 ബൈപാസിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലും വിവിധ പ്രവൃത്തികൾക്ക് വേണ്ടി മണ്ണെടുത്തതിനാലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ് റോഡ്. 3.09 കോടി രൂപ ചെലവഴിച്ച് ബിഎം ബിസി നിലവാരത്തിലേക്ക് റോഡിനെ ഉയര്‍ത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home