വടകര കൃഷ്ണദാസ് ഓർമയായിട്ട് 10 വർഷം
ഉച്ചഭാഷിണിയും കെ കെ കൃഷ്ണന്റെ പാട്ടുമുണ്ടാകും

യേശുദാസിന് കൃഷ്‌ണദാസ് ഇൗണം പറഞ്ഞു നൽകുന്നു (ഫയൽ ചിത്രം)
വടകര
ഉച്ചഭാഷിണിയും കെ കെ കൃഷ്ണന്റെ പാട്ടും ഉണ്ടായിരിക്കുമെന്ന് പൊതുയോഗ നോട്ടീസിൽ അച്ചടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പൊതുയോഗത്തിന് ആളെ കൂട്ടാനുള്ള വിദ്യയായിരുന്നു കൃഷ്‌ണന്റെ പാട്ട്. കമ്യൂണിസ്‌റ്റ് പാർടിയുടെ സമ്മേളന വേദികളിലും സമരമുഖങ്ങളിലും കൃഷ്ണന്റെ ആ പാട്ടുകൾ ഇന്നും മുഴങ്ങുന്നുണ്ട്. ജനകീയ സംഗീതകാരൻ വടകര കൃഷ്ണദാസ് ഓർമയായിട്ട് ചൊവ്വാഴ്ച പത്തുവർഷം പൂർത്തിയാവുന്പോഴും ആ പാട്ടുകളുടെ ഇൗണം ഇന്നും നിറഞ്ഞുനിൽക്കുന്നു. ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് പിറന്നതെങ്കിലും ഉള്ളിലെ സംഗീതാഭിരുചിക്ക് മങ്ങലേറ്റില്ല. അഞ്ചാം വയസ്സിലാണ് ആദ്യമായി പൊതുവേദിയിൽ പാടിയത്. വെള്ളികുളങ്ങരയിൽ നടന്ന കമ്യൂണിസ്റ്റ് പാർടിയുടെ സമ്മേളനത്തിലായിരുന്നു അത്. പിന്നീട് എ കെ ജിയുടെയും ഇ എം എസിന്റെയും പൊതുയോഗ വേദികളിൽ നാടക, ലളിത ഗാനങ്ങൾ പാടി പ്രശസ്തനായി. കമ്യൂണിസ്‌റ്റായതിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടു. 1967ൽ ഇ എം എസിന്റ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റശേഷം ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചു. ഗാനരചയിതാവും നാടകകൃത്തുമായ പപ്പൻ വള്ളിക്കാടുമായി ചേർന്നൊരുക്കിയ വിപ്ലവ, ലളിതഗാനങ്ങൾ ഒരു നാടിനെയാകെ സമരോത്സുകമാക്കി. മണ്ടോടി കണ്ണന്റെ സമരജീവിതത്തെ ഓർമപ്പെടുത്തുന്ന "ഒഞ്ചിയത്തിന്നോമനയാം മണ്ടോടി കണ്ണൻ...’ എന്ന പാട്ട് ജനമനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. വി ടി കുമാരൻ, പി ടി അബ്ദുറഹിമാൻ എന്നിവരുടെ വരികൾക്ക് കൃഷ്ണദാസ് നൽകിയ സംഗീതം ആസ്വാദകരെ വിസ്മയിപ്പിച്ചു. വി എം കുട്ടിയുമായുള്ള ബന്ധം മാപ്പിളപ്പാട്ട് രംഗത്ത് തനതായ ഇടം നൽകി. വടകര ഭാവനാ തിയറ്റേഴ്സ്, ഈണം മടപ്പള്ളി, തിരുവനന്തപുരം കലാനിലയം തുടങ്ങി നാടക സംഘങ്ങളുടെ നൂറുകണക്കിന് പാട്ടുകൾക്ക് ഈണം പകർന്നു. യേശുദാസ് പാടിയ മിസരിപ്പൊന്നു ഏറെ പ്രശസ്തമാണ്. കണ്ണാടിക്കൂട് എന്ന സിനിമയ്ക്ക് വേണ്ടിയും ഈണം പകർന്നു. ആ ചിത്രം പുറത്തുവന്നെങ്കിൽ കൃഷ്ണദാസിന്റെ സംഗീത ജീവിതം മാറിമറയുമായിരുന്നുവെന്ന് ശിഷ്യനായ വി ടി മുരളി പറഞ്ഞു.









0 comments