എന്ത് ദുരവസ്ഥ

കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി ഫാർമസിയില്‍ പല മരുന്നുകളും ലഭ്യമല്ലാത്തതിനാല്‍ സമീപത്തെ നീതി മെഡിക്കല്‍ ഷോപ്പിലെത്തുന്നവരുടെ തിരക്ക്
കോഴിക്കോട്
ഡോക്‌ടറെ കണ്ട് അസുഖം ബോധിപ്പിച്ച് ചീട്ടുമായി ഫാർമസിയിലെത്തി ആവശ്യത്തിനുള്ള മരുന്നുമായി തിരികെ വീട്ടിലേക്കോ വാർഡിലേക്കോ മടങ്ങുന്നവരുടെ കണ്ണിൽ പ്രതീക്ഷ വിടരുന്ന കാലമുണ്ടായിരുന്നു. സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുകയും കൃത്യമായി മരുന്നുകൾ ലഭ്യമാക്കുകയുംചെയ്തിരുന്ന കാലം. ഇന്ന് കഥമാറി. ആശുപത്രി സംവിധാനങ്ങൾ നിശ്‌ചലമായി. പ്രധാനപ്പെട്ട ചികിത്സകളും ശസ്‌ത്രക്രിയകളും സർക്കാർ ആശുപത്രികളിൽ അന്യമായി. സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ പലതും വലിയ വിലകൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലേക്ക് സർക്കാർ ജനങ്ങളെ തള്ളിവിട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം, കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ എ മരുന്ന് ഒരിടത്തുമില്ലാതായി. ജീവിതശൈലീ രോഗങ്ങൾക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും മരുന്നില്ല. മരുന്നില്ലാത്ത പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം മറച്ചുവയ്‌ക്കാനാണ് സർക്കാർ ശ്രമം. ആശുപത്രികളിൽ ഏതൊക്കെ മരുന്നില്ലെന്ന് മാധ്യമങ്ങളോട് പറയരുതെന്ന് സൂപ്രണ്ടുമാർക്ക് ആരോഗ്യവകുപ്പ് ഡയറക്‌ടർ കഴിഞ്ഞ ദിവസം നിർദേശം നൽകി. എത്ര മൂടിവെച്ചാലും ആശുപത്രികളിലെത്തി മരുന്ന് ലഭിക്കാതെ നിരാശരായി മടങ്ങുന്നവർ പ്രതികരിക്കുമെന്ന സാമാന്യ ചിന്തയില്ലാതെയാണ് സർക്കാർ നടപടി. ചീട്ടിൽ നിറയെ " X" മാർക്കുകൾ സർക്കാർ ആശുപത്രിയിലെ ഫാർമസിയിൽ ചെല്ലുന്ന മിക്ക പേർക്കും ലഭിക്കുന്നത് സ്‌റ്റോക്കില്ലാത്ത മരുന്നിന്റെ പേരിന് നേരെ ഒരു ഇൻ ടൂ (x) മാർക്കാണ്. ചിഹ്നം രേഖപ്പെടുത്തിയ മരുന്ന് രോഗിയോ കൂട്ടിരിപ്പുകാരനോ പണം നൽകി പുറത്തെ ഫാർമസിയിൽനിന്ന് വാങ്ങണം. ഏത് അസുഖമായാലും പത്തിൽ എട്ട് മരുന്നും സ്‌റ്റോക്കില്ലാത്ത അവസ്ഥ. ഹൃദയസംബന്ധമായ അസുഖത്തിനുള്ള മരുന്ന് തേടി ബീച്ച് ആശുപത്രിയിൽ എത്തിയതാണ് നല്ലളം സ്വദേശി മൊയ്‌തീൻ കോയ. ചൊവ്വാഴ്‌ച ലോക ഹൃദയദിനമായിരുന്നു. അന്നുതന്നെ അദ്ദേഹത്തിന് നിരാശയോടെ മടങ്ങേണ്ടി വന്നു. രക്തം കട്ടപിടിക്കുന്നതും കൊളസ്ട്രോളും കുറയ്ക്കാൻ ഉപയോഗിക്കുന്ന എകോസ്‌പിൻ എ വി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഡെറിഫിലിൻപോലുള്ള പ്രധാന മരുന്നുകൾ ലഭിച്ചില്ല. ഇൗ മരുന്നുകൾ പുറത്തുനിന്ന് വാങ്ങാൻ നാലായിരം രൂപയ്ക്ക് മുകളിൽവരും. സമാന അനുഭവമായിരുന്നു പുതിയങ്ങാടി സ്വദേശി സക്കീന ഇസ്‌മായിലിനും നേരിട്ടത്. ഹൃദയസംബന്ധമായ അസുഖത്തിനുള്ള പ്രധാനപ്പെട്ട ആറ് മരുന്നുകളും ബീച്ച് ആശുപത്രിയിൽനിന്ന് ലഭിച്ചില്ല. വേദനസംഹാരികൾപോലും പുറമെനിന്ന് വാങ്ങേണ്ട സ്ഥിതി. കിടത്തിച്ചികിത്സയിലുള്ളവർക്കും മരുന്ന് ലഭിക്കുന്നില്ല. വേദനസംഹാരികളായ അസെക്ലോഫെനാക്, ഡിക്ലോഫെനാക്, ആസ്പിരിൻ, ഗ്യാസ്ട്രൽ സംബന്ധമായ അസുഖങ്ങൾക്കുള്ള പാന്റോപ്രസോൾ, ഒമേപ്രസോൾ, പ്രമേഹത്തിനുള്ള മെറ്റ്ഫോര്‍മിൻ, കൊളസ്ട്രോളിനുള്ള അടോര്‍വസ്റ്റാറ്റിൻ, രക്തസമ്മര്‍ദത്തിനുള്ള ടെൽമിസാര്‍ടൻ, മറ്റ് മരുന്നുകളായ ഗബപെന്റിൻ, നിട്രോക്സ്, ഡോംപെരിഡോൾ തുടങ്ങിയവയൊന്നും ബീച്ച് ആശുപത്രിയിൽ സ്റ്റോക്കില്ല.ഡോക്ടറെ കാണാനും ഫാര്‍മസിയിലുമായി മണിക്കൂറുകൾ വരിനിന്നശേഷമാണ് പല ടെസ്റ്റുകളും മരുന്നുകളും ആശുപത്രികളിൽ ലഭ്യമല്ലെന്നറിയുക. ഇത് രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കുന്നു. കോട്ടപ്പറമ്പ് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സ്ഥിതി വ്യത്യസ്‌തമല്ല.









0 comments