ബഷീർ യാത്രയായിട്ട് മൂന്ന് പതിറ്റാണ്ട്
ഓർമയുടെ സിംഹാസനത്തിൽ ഇന്നും സുൽത്താൻ

ഫറോക്ക് ഭൂമിയിലെസർവചരാചരങ്ങളേയും സ്‌നേഹിച്ച് അവരെ ഭൂമിയുടെ അവകാശികളായി കണ്ട മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമയിലലിഞ്ഞ് ബേപ്പൂരിലെ വൈലാലിൽ വീട് വിടവാങ്ങി 31 ആണ്ടുകൾ പിന്നിട്ടിട്ടും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഓർമകൾ പങ്കുവയ്ക്കാനും പരിപാടികളിൽ പങ്കുചേരാനും ശനി രാവിലെ മുതൽ വൈലാലിലേക്ക് വിവിധ ദേശങ്ങളിൽനിന്നായി വിദ്യാർഥികളുൾപ്പെടെ ഒഴുകിയെത്തി. വൈലാലിൽ മുറ്റത്തും വീട്ടുവളപ്പിലും ബഷീറിന്റെ കഥാപാത്രങ്ങളായ കുഞ്ഞുപാത്തുമ്മയും മജീദും പൊൻകുരിശു തോമ, ആനവാരി രാമൻ നായർ, ഒറ്റക്കണ്ണൻ പോക്കർ, സുഹറ, മണ്ടൻ മുത്തപ്പാ, നാരായണി, സാറാമ്മയും കേശവൻ നായരുമെല്ലാം ഒത്തുകൂടിയത് ബഷീർ കൃതികളുടെ നേർക്കാഴ്ചയായി. മുറ്റത്തെ മാങ്കോസ്റ്റിൻ മരച്ചോട്ടിൽ അവർ ഒത്തുചേർന്നു. വീട്ടിനകത്തെ ബഷീറിന്റെ ചാരുകസേരയും ഗ്രാമഫോണും പേനയും കണ്ണടയും എണ്ണമറ്റ പുരസ്കാരങ്ങളും കൺനിറയെ കണ്ടു. അതിഥികളെ സ്വീകരിക്കാൻ ബഷീർ കുടുംബവും സജീവമായുണ്ടായി. അനുസ്മരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച "ബഷീർ കറുപ്പിലും വെളുപ്പിലും’ ഫോട്ടോ പ്രദർശനവും ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ സംഘടിപ്പിച്ച "ടൂർ ടു ബഷീർ ബുക്സ്’ പരിപാടിയിൽ ബഷീറിനെപ്പറ്റിയുള്ള വാർത്തകൾ, പാഠങ്ങളും പുസ്തകങ്ങൾ പോസ്റ്റൽ സ്റ്റാമ്പുകൾ, കവറുകൾ തുടങ്ങിയവയുടെ പ്രദർശനവും കാണാൻ വൻ തിരക്കായിരുന്നു. ബഷീറിലെ മാന്ത്രികനെ പരിചയപ്പെടുത്തി ശിഷ്യനായ മാന്ത്രികൻ പ്രദീപ് ഹൂഡിനോയുടെ മാജിക്കും വേറിട്ട കാഴ്ചയായി. യൂണിറ്റി എഫ്സി " മഴവില്ല്’ ഭിന്നശേഷി കുട്ടികളുടെ കായിക ക്യാമ്പ് ഒരുക്കിയ ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാവിരുന്നും ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. പി റിനീഷ് അധ്യക്ഷനായി. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായിരുന്നു. അനീസ് ബഷീർ, പ്രദീപ് ഹൂഡിനോ, തണൽ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ അലീന വർഗീസ്, വി ടി ബഷീർ എന്നിവർ സംസാരിച്ചു. ഒ കെ മൻസൂർ സ്വാഗതം പറഞ്ഞു.








0 comments