ഹരിത കർമസേന തൊഴിലാളികളുടെ സമരം വിജയിച്ചു

ബാലുശേരി
കോട്ടൂർ പഞ്ചായത്തിലെ ഹരിത കർമസേന തൊഴിലാളികൾ കഴിഞ്ഞ 20 ദിവസമായി നടത്തിയ സമരം വിജയം. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ചുമതലപ്പെടുത്തിയ അസി. ഡയറക്ടർ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പുതുതായി നിയമിച്ച വനിതാ ഡ്രൈവർക്ക് നിലവിലെ ലിസ്റ്റിലുള്ള രണ്ടാമത്തെയാളെക്കൊണ്ട് പരിശീലനം നൽകാൻ തീരുമാനമായി. പരിശീലിപ്പിക്കുന്നയാൾക്കുള്ള ശമ്പളം പഞ്ചായത്ത് ഫണ്ടിൽനിന്ന് നൽകും. പുതുതായി നിയമിച്ച ഡ്രൈവറെ 28വരെ മാറ്റിനിർത്താമെന്നും തീരുമാനമായി. ഹരിത കർമസേന തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ലെന്നും ഓണത്തിന് അർഹതപ്പെട്ട ആനുകുല്യങ്ങൾ തൊഴിലാളികൾക്ക് നൽകാനും തീരുമാനിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. പഞ്ചായത്തിലെ ഹരിത കർമസേന വാഹനത്തിൽ പരിചയമില്ലാത്ത ഡ്രൈവറെ നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു 38 തൊഴിലാളികൾ സമരം ആരംഭിത്. ആഗസ്‌ത് 17മുതൽ പി ടി ഉഷാകുമാരി നിരാഹാരം ആരംഭിച്ചു. ഇവർക്ക് സിപിഐ എം ഏരിയാ സെക്രട്ടറി ടി കെ സുമേഷ് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്. നിലവിലുള്ള ഡ്രൈവറെ പരിശീലിപ്പിക്കുന്നയാൾക്കുള്ള ശമ്പളം യൂസർ ഫീയിൽനിന്ന് കൊടുക്കാനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കി. യൂസർ ഫീയായി വാങ്ങിയെടുക്കുന്ന വരുമാനത്തിൽനിന്ന് പരിശീലിപ്പിക്കുന്നയാൾക്ക് ശമ്പളം നൽകുന്നത് ശരിയല്ലെന്നും പഞ്ചായത്ത് ഫണ്ടിൽനിന്ന് നൽകണമെന്നും അഭിപ്രായമുയർന്നു. അസി. ഡയറക്ടർ പഞ്ചായത്ത് ഫണ്ടിൽനിന്ന് നൽകാമെന്ന് അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്. പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ പാർടി നേതാക്കളുമായി കൂടിയാലോചനയും ചർച്ചയും നടന്നു. പൊലീസിന്റെ അടിച്ചമർത്തലും യുഡിഎഫ് സൈബർ ഹാൻഡിലുകളുടെ വ്യക്തിഹത്യയും ഇഛാശക്തിയോടെ അതിജീവിച്ചാണ് ഹരിത കർമസേന തൊഴിലാളികളുടെ സമരവിജയം.










0 comments