‘ജന്തർ മന്തർ കോഴിക്കോട് ബീച്ച് ’
സാഗരഗര്‍ജനം, ജനാരവം

കോഴിക്കോട് കടപ്പുറത്ത് നടന്ന ജന്തർ മന്തർ പ്രക്ഷോഭം സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് ദേശീയ സമരപോരാട്ടങ്ങൾക്ക് കാതോർത്ത കോഴിക്കോട് കടപ്പുറത്ത് അവസാനിക്കാത്ത പോരാട്ടങ്ങളുടെ ആഹ്വാനവുമായി ജന്തർമന്തറിൽ ജനാരവം. തോക്കിനും ലാത്തിക്കും മുന്നിൽ തോറ്റുകൊടുക്കാൻ മനസ്സില്ലാത്തവരുടെ പിന്മുറക്കാർ ജന്തർമന്തർ സമരത്തെയും സർഗാത്മകമാക്കുകയാണ്. പാട്ടും പറച്ചിലുമായി 12ാം നാളിലും കോർപറേഷൻ ഓഫീസിന് മുന്നിലെ ബീച്ച് ഉറങ്ങുന്നില്ല. ഇവിടെ സാഗരഗർജനത്തിനൊപ്പം മുദ്രാവാക്യങ്ങളും മുഴങ്ങുന്നു. ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കാനുള്ള ആർഎസ്എസ്, ബിജെപി നീക്കത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് ഇവിടേക്ക് ഒഴുകിയെത്തുന്ന ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു. ജനാധിപത്യം സംരക്ഷിക്കാൻ, വോട്ട് കൊള്ള അവസാനിപ്പിക്കാൻ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക എന്ന ആവശ്യമുയർത്തിയുള്ള ഞായറാഴ്‌ചത്തെ ‘ജന്തർമന്തർ കോഴിക്കോട് ബീച്ച്’ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്‌ഘാടനം ചെയ്‌തു. പി ഷിജിത്ത് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫർ അഹമ്മദ്, ബാബു പറശേരി, കാനങ്ങോട്ട് ഹരിദാസൻ, ഗണേഷ് കാക്കൂർ, പി ടി ആസാദ് തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം സൗത്ത് ഏരിയാ സെക്രട്ടറി കെ ബൈജു സ്വാഗതം പറഞ്ഞു. വിഷ്‌ണു ഒടുന്പ്രയുടെ ചെണ്ടയും റിയയും സംഘവും അവതരിപ്പിച്ച നാടോടി നൃത്തവും ലസിത പാലാഴിയും സംഘവും അവതരിപ്പിച്ച സംഘനൃത്തവും അനീഷ് മലയങ്കണ്ടിയുടെ ഏകപാത്രനാടകവും ശ്രീനന്ദനയുടെ മോണോ ആക്ടും അരങ്ങേറി.









0 comments