ലോഡ്ജ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ

ഗോപൻ, അനി, ബിനു, അയ്യപ്പൻ, കൃഷ്‌ണ പ്രസാദ്
ആറ്റിങ്ങൽ
ആറ്റിങ്ങലിൽ ലോഡ്ജ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പനടക്കം അഞ്ചുപേർ അറസ്റ്റിൽ. ചിറ്റാറ്റിൻകര തമ്പുരാൻ വിളാകത്തുവീട്ടിൽ അനി (40), തോട്ടവാരം കണ്ണങ്കരവിളവീട്ടിൽ ബിനു (55) എന്നിവർക്കുപിറകെ കല്ലുവാതുക്കൽ ഉത്രാടംവീട്ടിൽ ഗോപൻ (60), പാങ്ങപ്പാറ കുഞ്ചുവീട്ടിൽ കൃഷ്ണപ്രസാദ് (31), ആറ്റിങ്ങൽ കുഴിത്താൻ കുറ്റാലുവീട്ടിൽ അയ്യപ്പൻ (56, ബിജു) എന്നിവരാണ് പിടിയിലായത്. ഇവരെ പ്രതികളെ റിമാൻഡ് ചെയ്തു. പൊന്നൂസ് ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനായ ചെറുന്നിയൂർ പ്രഭാനിലയം പ്രഭാകരൻ നായരെയാണ് (58) സംഘം മർദിച്ചും വെട്ടിയും പരിക്കേൽപ്പിച്ചത്. ഒക്ടോബർ 31ന് പുലർച്ചെ 12.30നാണ് സംഭവം. ലോഡ്ജിൽ മുറിയെടുത്ത സംഘം റൂമിലെ എസിക്ക് തണുപ്പ് കുറവാണെന്ന് പറഞ്ഞ് പ്രഭാകരൻ നായരുമായി വഴക്ക് ഉണ്ടായി. അയ്യപ്പൻ അസഭ്യം മറഞ്ഞ് പ്രഭാകരൻ നായരുടെ വലത് കണ്ണിനുതാഴെ ഇടിവളകൊണ്ട് ഇടിക്കുകയും മറ്റ് നാലുപേരുംകൂടി ചേർന്ന് നെഞ്ചിലും മുതുകിലും ഇടിക്കുകയുമായിരുന്നു. തലയിൽ മുറിവേറ്റ് ഏഴ് തുന്നലുണ്ട്. ഇയാളുടെ പോക്കറ്റിൽനിന്ന് 3900 രൂപയുള്ള പേഴ്സും ആധാർ കാർഡും ലൈസൻസും തട്ടിപ്പറിക്കുകയും ചെയ്തു. പിറ്റേന്നുതന്നെ അനിയെയും ബിനുവിനെയും പിടികൂടിയിരുന്നു. ഒളിവിലായിരുന്ന ഗോപൻ, കൃഷ്ണപ്രസാദ്, അയ്യപ്പൻ എന്നിവരെയാണ് പിടികൂടിയത്. അയ്യപ്പനെ പാലക്കാട്ടുനിന്ന് റെയിൽവേ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. ആറ്റിങ്ങൽ എസ്എച്ച്ഒ വി കെ ശ്രീജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അയ്യപ്പൻ. സബ് ഇൻസ്‌പെക്ടർ കെ സുദർശനൻ, എസ് സലിം, ഷേർഷ, വി വി ജ്യോതിഷ് കുമാർ, മഹേഷ്, സന്തോഷ് നിധിൻ, അനന്തു, മനോജ് മണിയൻ, അഭിലാഷ് എന്നിവരാണ് പിടികൂടിയത്.







0 comments