ഇഛാശക്തിയുടെ തലയെടുപ്പ്

വടകര ഇൻഡോർ സ്റ്റേഡിയം
വി വി രഗീഷ് വടകര വരുംതലമുറയുടെ കായിക പ്രതീക്ഷയായി നഗരഹൃദയത്തിൽ തലയുയർത്തി നിൽക്കുന്നു ഒരു സ്റ്റേഡിയം. സംസ്ഥാന സർക്കാരിന്റെ ഇഛാശക്തിയും കിഫ്‌ബിയുടെ കരുത്തും സമംചേർന്നപ്പോൾ വടകരയ്ക്ക് സ്വന്തമായതാണ് ഇൗ സ്റ്റേഡിയം. വടകര നാരായണ നഗറിലാണ് 16.29 കോടി കിഫ്ബി ഫണ്ടുപയോഗിച്ച് സ്റ്റേഡിയം നിർമിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ കനേഡിയൻ മേപ്പിൾ വുഡിൽ സജ്ജമാക്കിയ വോളിബോൾ കോർട്ടുകൾ, ബാസ്‌കറ്റ് ബോൾ, ഷട്ടിൽ കോർട്ടുകൾ എന്നിവ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്. കളിയുടെ സ്വഭാവമനുസരിച്ച് മാറ്റി ഉപയോഗിക്കാനാകും വിധമാണ് കോർട്ടുകളുടെ നിർമാണം. രണ്ട് വോളിബോൾ കോർട്ടായും ഒരു ബാസ്കറ്റ് ബോൾ കോർട്ടായും എട്ട് ബാഡ്‌മിന്റൺ കോർട്ടായും സ്റ്റേഡിയം ഉപയോഗിക്കാം. അയ്യായിരം പേർക്ക് ഇരിക്കാൻ കഴിയുന്ന പവിലിയൻ, വിശ്രമമുറി, ശുചിമുറി, കളിക്കാർക്കുള്ള ലോഞ്ച് എന്നിവയെല്ലാം സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. വൈകാതെ നിർമാണം പൂർത്തിയാകും. സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നതോടെ രാജ്യാന്തര ഇൻഡോർ ഗെയിമുകൾക്കും വടകര വേദിയാവും. സി കെ നാണു എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചായിരുന്നു സ്റ്റേഡിയം നിർമാണം തുടങ്ങിയത്. ഒന്നാം പിണറായി സർക്കാർ കിഫ്ബിയിൽനിന്ന് പണം അനുവദിച്ചതോടെ നിർമണ പ്രവർത്തനങ്ങൾക്ക് വേഗത കൂടി. കിറ്റ്കോ ഏറ്റെടുത്ത പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്ത് നടത്തുന്നത്. വടകര നഗരസഭ കിഫ്ബിക്ക് പ്രൊപോസൽ നൽകിയതിന്റെ ഭാഗമായി 4.39 കോടി അനുവദിച്ചാണ് ഫ്ലോറിങ് ഉൾപ്പെടെ നിർമാണം പൂർത്തിയാവുന്നത്. സ്റ്റേഡിയത്തിന് സമീപത്തായി വടകര നഗരസഭ ‘ദിശ' പദ്ധതിയുടെ ഭാഗമായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമാണ നടപടികളും ആരംഭിച്ചിട്ടുണ്ട്.










0 comments