Deshabhimani

ഒഴിവായത് വൻ ദുരന്തം

ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

The lorry caught fire.

കക്കട്ടിൽ ആക്രി സാധനങ്ങൾ കയറ്റിവന്ന 
ലോറിക്ക് തീപിടിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Oct 01, 2026, 12:00 AM | 1 min read

കക്കട്ടിൽ

ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കൈവേലിയിൽനിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിക്ക്‌ കക്കട്ടിൽ കെ- മാളിന് മുമ്പിൽവച്ച് വൈദ്യുതി ലൈനിൽ തട്ടി തീപിടിക്കുകയായിരുന്നു. ബുധൻ പുലർച്ചെ ഒന്നോടെയാണ് സംഭവം. സ്പാർക്കിനെ തുടർന്ന് ലോറിയിലെ ആക്രി സാധനങ്ങളിലേക്കും തുടർന്ന് വാഹനത്തിലേക്കും തീ പടരുകയായിരുന്നു. സ്പാർക്ക് കണ്ടപാടെ ഡ്രൈവർ വാഹനം നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് നാദാപുരം അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകളിലായി എത്തിയ സേനാംഗങ്ങൾ അരമണിക്കൂർ പരിശ്രമിച്ച് തീ പൂർണമായും അണച്ചു. കയറ്റത്തിൽ നിർത്തിയ തീപിടിച്ച വാഹനത്തിന്റെ എയർ ടാങ്ക് പൊട്ടിയതിനെ തുടർന്ന്‌ നിരങ്ങിനീങ്ങിയത് പരിഭ്രാന്തി പരത്തി. ലോറിയിൽനിന്ന് തീപിടിച്ച് റോഡിലേക്ക് വീണ വസ്തുക്കളിൽനിന്ന്‌ സമീപത്തെ കടയുടെ അരികിൽ ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിലേക്കും തീ പടർന്നു. അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലും കെ- മാളിലെ ഹൈഡ്രന്റ് പൈപ്പിൽനിന്ന് വെള്ളം ലഭ്യമായതും തീ സമീപത്തെ കടകളിലേക്ക് പടരുന്നത് തടഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ വി കെ ആദർശ്, എസ് ഡി സുദീപ്, കെ കെ ശികിലേഷ്, ലിനീഷ് മര്യാട്, പി കെ രാകേഷ്, എൻ കെ അഖിൽ, അഖിലേഷ്, ശ്രീരൂപ്, ഹോം ഗാർഡ് പി ഷിനു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home