വലഞ്ഞ് രോഗികൾ
മെഡിക്കൽ കോളേജിൽ വിവരാന്വേഷണ കേന്ദ്രമില്ല

കോഴിക്കോട്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്കും ബന്ധുക്കൾക്കും വിവരങ്ങൾ നൽകാൻ സംവിധാനമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. വിവിധ വാർഡുകൾ, പരിശോധനാ സ്ഥലങ്ങൾ, ലാബുകൾ, ഫാർമസി, ആർഎസ്ബിവൈ കൗണ്ടറുകൾ, ബ്ലഡ് ബാങ്ക് തുടങ്ങിയ സ്ഥലങ്ങൾ കണ്ടെത്താൻ പലരും വട്ടംകറങ്ങുന്ന സ്ഥിതിയാണുള്ളത്. മെഡിക്കൽ കോളേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലുള്ള പത്തോളജി ലാബ് ഉൾപ്പെടെ കണ്ടെത്തണമെങ്കിൽ കറക്കം ഒന്നുകൂടി കൂടും. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വിശാലമായ ഇൻഫർമേഷൻ കൗണ്ടറും അവിടെ ഒരു ഇൻഫർമേഷൻ ഓഫീസറുമുണ്ടായിരുന്നു. സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുന്ന ഇവിടെയുള്ള കൗണ്ടർ ആർക്കുമൊരു ഉപകാരവുമില്ലാതെ അനാഥമായി കിടക്കുകയാണ്. എംസിഎച്ച് ഒപിയിലെ അന്വേഷണ കൗണ്ടറും അനാഥമായി കിടക്കുകയാണ്. നിലവിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും അത്യാഹിത വിഭാഗത്തിലും മാത്രമാണ് ഇൻഫർമേഷൻ ഓഫീസർമാരുടെ സേവനമുള്ളത്. പരിചയസമ്പന്നരായ സുരക്ഷാ ജീവനക്കാരെയാണ് ഇവിടെ നിയമിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 93 സുരക്ഷാ ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിലായി 7 ബ്ലോക്കുകളിൽ പ്രവർത്തിക്കുന്നത്. ഇതിൽ 40 ഓളം പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. ആളുകൾക്ക് ശരിയായ വിവരം നൽകാൻ ഇവരിൽ പലർക്കും കഴിയുന്നില്ല. ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുനിന്നുള്ള ഒരാൾക്ക് അറിയാൻ കൃത്യമായ സംവിധാനമില്ല. ഇത് മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെ പലർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നു.










0 comments