print edition അണയാത്ത കനലായി ‘മിസ’

സീതാറാം യെച്ചൂരി അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ നടത്തിയ മിസ നാടകത്തിൽ നിന്ന് | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം : ‘ഭരണകൂടത്തിന്റെ നരഹത്യകൾക്കെതിരെ ചോദ്യം ചോദിക്കാൻ നിങ്ങൾ തയ്യാറാണോ? അതോ ശ്വാസംമുട്ടി മരിക്കാനാണോ നിങ്ങളുടെ തീരുമാനം...’ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ചവിട്ടടികളിൽ വിറങ്ങലിച്ചുനിൽക്കാതെ നിവർന്നുനിന്ന് ചോദ്യങ്ങൾ ചോദിക്കാൻ ആഹ്വാനം ചെയ്‌ത് കോഴിക്കോട് ചിലങ്ക ഫ്‌ളോട്ടിങ് തിയറ്ററിന്റെ ‘മിസ ദി ലാസ്റ്റ് ബ്രീത്ത്’ നാടകം വീണ്ടും തലസ്ഥാനത്തെ അരങ്ങിൽ. സീതാറാം യെച്ചൂരി അനുസ്‌മരണവേദിയിലാണ് നാടകം അവതരിപ്പിച്ചത്.
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് ഭരണവും ബിജെപി ഭരണത്തിനുകീഴിൽ ഇന്ത്യ അനുഭവിക്കുന്ന ദുരിതങ്ങളും നാടകം വരച്ചുകാട്ടുന്നു. മിസ തടവുകാരിയായിരുന്ന നാടകപ്രവർത്തക സ്‌നേഹലതാ റെഡ്ഡിയിൽ തുടങ്ങി റോണാ വിൽസൺ, സ്റ്റാൻസ്വാമി, ഗൗരി ലങ്കേഷ്, ഗുജറാത്ത് വംശഹത്യ, ഗോധ്ര കൂട്ടക്കൊല, ഇഹ്‌സാൻ ജഫ്രി, ബിൽകിസ് ബാനു, ഭീമ കൊറെഗാവ്, കോർപറേറ്റുകൾക്കുവേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകൾ എന്നിങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെല്ലാം നാടകത്തിൽ വിഷയമാകുന്നു. ബിച്ചൂസ് ചിലങ്ക, ചിന്നൂസ് ചിലങ്ക, ജയകാന്തി കോഴിക്കോട്, ആദർശ് അപ്പൂസ് എന്നീ അഭിനേതാക്കൾ 34 കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നുണ്ട്.









0 comments