print edition യെച്ചൂരി അനുസ്‌മരണ ചിത്രപ്രദർശനം; ഇന്ദിരയ്‌ക്ക് മുന്നിലെ നിവർന്നുനിൽപ്പ്

സീതാറാം യെച്ചൂരി അനുസ്മരണത്തോടനുബന്ധിച്ച് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽ നിന്ന്
തിരുവനന്തപുരം : ആർക്കു മുന്നിലും തലക്കുനിക്കാത്ത നേതാവെന്ന വിശേഷണമുള്ള ഇന്ദിരാഗാന്ധിയെ അടുത്തുനിർത്തി അവരോട് യൂണിവേഴ്‌സിറ്റി ചാൻസലർ പദവി ഒഴിയണമെന്ന് ആവശ്യപ്പെടുക. അതിനുവേണ്ടി അവരുടെ വസതിയിലേക്ക് വിദ്യാർഥികളെ സംഘടിപ്പിച്ച് പ്രതിഷേധം നയിക്കുക. സ്ഥലത്തെത്തിയ ഇന്ദിരാഗാന്ധി കേൾക്കെ ഉച്ചത്തിൽ അവരുടെ രാജി ആവശ്യപ്പെടുന്ന കത്ത് വായിക്കുക. അടിയന്തരാവസ്ഥയുടെ കൊടുംയാതനകളിലൂടെ കടന്നുപോയശേഷവും സധൈര്യം അനീതികളെ എതിർക്കാൻ മുന്നിട്ടിറങ്ങിയ ഒരു ചെറുപ്പക്കാരൻ. പിന്നീട് ഇന്ത്യ കണ്ട ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായി മാറിയ സീതാറാം യെച്ചൂരിയായിരുന്നു അത്. എ കെ ജി പഠന ഗവേഷണ കേന്ദ്രം സീതാറാം യെച്ചൂരി അനുസ്‌മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദർശനത്തിലാണ് പോരാട്ടവീര്യമുണർത്തുന്ന യെച്ചൂരി ചിത്രങ്ങൾ നിറയുന്നത്.
1977 സെപ്‌തംബറിൽ ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയതും രാജി ആവശ്യപ്പെടുന്നതുമാണ് ചിത്രത്തിൽ.
യെച്ചൂരിയുടെ ഹൈദരാബാദിലെ ബാല്യകാലംമുതൽ ഡൽഹിയിലെ വിദ്യാർഥി, സമര കാലങ്ങൾ ചിത്രങ്ങളിൽ പുനർജനിക്കുന്നു. തെരുവുനാടകപ്രവർത്തകർക്ക് പിന്തുണ നേരാനെത്തിയതും, മണിപ്പുർ അഭയാർഥി ക്യാമ്പ് സന്ദർശിക്കുന്നതും, പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതും തുടങ്ങി സമരനായകനെ അടയാളപ്പെടുത്തുന്ന അനവധി ചിത്രങ്ങൾ.
സജീവ രാഷ്‌ട്രീയത്തിൽ ഇറങ്ങിയശേഷം 1984–86 കാലയളവിൽ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പദവി വഹിച്ചതുമുതൽ പാർടി പൊളിറ്റ് ബ്യൂറോ അംഗവും പിന്നീട് സിപിഐ എം ജനറൽ സെക്രട്ടറിയാകുന്നതുവരെയുള്ള നിമിഷങ്ങളിലൂടെ വിദ്യാർഥി നേതാവിൽനിന്നുള്ള യെച്ചൂരിയുടെ വളർച്ച തെളിയുന്നുണ്ട്. പാർലമെന്റിലെ മൂർച്ചയേറിയ വാദങ്ങൾ, ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങൾ, യുഎൻ പൊതുസഭയിലെ പ്രസംഗം, ഒടുവിൽ വിടവാങ്ങൽവരെയുള്ള അപൂർവ ചിത്രങ്ങളാണിവ.









0 comments