ad
Deshabhimani

‘ഗ്യാസ് പോയി’ ഹോട്ടൽ മേഖല

കടകൾക്ക്‌ പൂട്ടുവീണു

കടകൾക്ക്‌ പൂട്ടുവീണു

വെബ് ഡെസ്ക്

Published on May 11, 2026, 12:32 AM | 1 min read



കോഴിക്കോട്‌

വാണിജ്യ പാചകവാതക സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതിനെ തുടർന്ന്‌ ജില്ലയിൽ നൂറുകണക്കിന്‌ ഹോട്ടലുകൾ അടച്ചുപൂട്ടി. വിലക്കയറ്റത്തിന്റെ അധികഭാരം താങ്ങാനാവാതെ മിക്ക ഹോട്ടലുകളും ചായയ്‌ക്കും എണ്ണക്കടികൾക്കും രണ്ടുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചു. ഊണിനും കറികൾക്കും അഞ്ചുമുതൽ പത്തുരൂപവരെയാണ്‌ ഒറ്റയടിക്ക്‌ കൂട്ടിയത്‌. ഓരോ കടയിലും വ്യത്യസ്ത വിലയാണ്‌ ഇ‍ൗടാക്കുന്നത്‌. ഇതിന്റെ ദുരിതമനുഭവിക്കുന്നത്‌ ഹോട്ടലുകളെ ആശ്രയിക്കുന്ന സാധാരണക്കാരും കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളുമാണ്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഹോട്ടലുകാർ വിഭവങ്ങൾ വെട്ടിക്കുറയ്ക്കുകയും പ്രവർത്തനസമയങ്ങളിൽ മാറ്റം

വരുത്തുകയും ചെയ്‌തിട്ടുണ്ട്‌. ഞായറാഴ്‌ചകളിൽ പ്രവർത്തിക്കുന്ന കടകൾപോലും അടച്ചിട്ടു. പാചകവാതകക്ഷാമവും വിലവർധനയും ഹോട്ടൽ മേഖലയെ അപ്പാടെ തളർത്തി.

കേന്ദ്ര സർക്കാർ വാണിജ്യ സിലിണ്ടറുകൾക്ക് അടുത്തിടെയാണ്‌ വില കുത്തനെ ക‍ൂട്ടിയത്‌. 19 കിലോയുടെ സിലിണ്ടറിന്‌ 993 രൂപ കൂടി. ഇതോടെ വില മൂവായിരം കടന്നു. മൂന്നുമാസം മുമ്പ് 1,550 രൂപയിൽ താഴെയായിരുന്നു വില. ജനുവരിയിൽ ഇത് 1700ആയി. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുതവണയായാണ്‌ വില വർധിപ്പിച്ചത്‌. തട്ടുകടകളടക്കമുള്ള ചെറുകിട സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന അഞ്ചുകിലോ സിലിണ്ടറിനും വില കൂട്ടി. 261 രൂപയുടെ വർധനയാണുണ്ടായത്‌. ഇതോടെയാണ്‌ ജില്ലയിൽ മിക്ക ഹോട്ടലുകളും ചെറുകിട സ്ഥാപനവും അടച്ചുപൂട്ടാനോ പ്രവർത്തന സമയത്തിൽ മാറ്റംവരുത്താനോ നിർബന്ധിതരായത്‌.

ഗ്യാസ് ബുക്ക്ചെയ്താൽ ലഭിക്കാൻ രണ്ടുമാസംവരെ എടുക്കുന്നതും ലഭ്യതക്കുറവ് മുതലെടുത്ത് സ്വകാര്യ ഏജൻസികൾ കരിഞ്ചന്തയിൽ കൊള്ളവില ഈടാക്കുന്നതും സ്ഥിതി രൂക്ഷമാക്കി. 1500 രൂപവരെ അധികം വാങ്ങിയാണ് കരിഞ്ചന്തയിലെ വിൽപ്പന. പാചകവാതകത്തിന്റെ വില കുറയ്ക്കാനും ഇത്തരം ഏജൻസികളെ നിയന്ത്രിക്കാനും സർക്കാർ തയ്യാറാകണമെന്നാണ്‌ ഹോട്ടൽ, റെസ്‌റ്റോറന്റ്‌ ഉടമകളുടെ ആവശ്യം. അഞ്ച് മാസത്തിനുള്ളിൽ 1,498 രൂപയാണ് ഗ്യാസിന്‌ കൂട്ടിയത്‌. അടച്ചുപൂട്ടൽ ദുരന്തത്തിൽ ആയിരത്തിലേറെ തൊഴിലാളികൾക്കാണ്‌ തൊഴിൽ നഷ്ടമായത്‌. വിറകടുപ്പ്‌ ഉപയോഗിക്കുന്ന ഗ്രാമീണ ഹോട്ടലുകളും മറ്റും മാത്രമാണ്‌ നിലവിൽ സാധാരണക്കാരുടെ ഏക ആശ്രയം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home