ചൂട് കടുത്തു; വിശ്രമമില്ലാതെ അഗ്നിരക്ഷാസേന

ചൊവ്വാഴ്ച ചെലവൂർ വയലിൽ പടർന്നുപിടിച്ച തീയണയ്ക്കുന്ന വെള്ളിമാട്കുന്ന് അഗ‍്നി രക്ഷാസേന
സ്വന്തം ലേഖകൻ കോഴിക്കോട് വേനൽച്ചൂട് കടുത്തതോടെ അഗ്നിരക്ഷാസ്‌റ്റേഷനിലേക്കും നിർത്താത്ത വിളി. കഴിഞ്ഞ ഒരുമാസത്തിനിടെ 600ൽ കൂടുതൽ കോളുകളാണ് ജില്ലയിലെ വിവിധ അഗ്നിരക്ഷാ സ്‌റ്റേഷനുകളിലെത്തിയത്. അടിക്കാടിന് തീപിടിച്ചത് മുതൽ പടക്കനിർമാണത്തിനിടെയുള്ള സ്ഫോടനം വരെയുള്ള കേസുകൾ ഇൗ വേനലിൽ സേനയ്ക്ക് കൈകാര്യം ചെയ്യേണ്ടിവന്നു. സാധാരണ മാസങ്ങളിൽ നൂറിൽ താഴെ കോളുകളേ ജില്ലയിലെ സ്റ്റേഷനുകളിലേക്ക് വരാറുള്ളൂ. എന്നാൽ, കഴിഞ്ഞ ഒരുമാസം മീഞ്ചന്തയിൽ മാത്രം 90 കോളുകളാണ് എത്തിയത്. ബീച്ചിൽ 80ഉം വെള്ളിമാടുകുന്ന് 70ഉം കോളുകളെത്തി. മറ്റ് സ്റ്റേഷനുകളിലെല്ലാം ശരാശരി 50നും 60നും ഇടയിൽ കോളുകൾ എത്തുന്നു. അടിക്കാടുകൾക്ക് തീപിടിച്ച കേസുകളാണ് കൂടുതലും. കുന്നമംഗലത്തിനടുത്ത പെരിങ്ങൊളം കരിക്കത്തൂരിൽ വീട്ടിൽ പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനമാണ് കഴിഞ്ഞ മാസമുണ്ടായ പ്രധാന സംഭവം. അപകടത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടമാവുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓടുന്നതിനിടെ ബസിന് തീപിടിച്ച സംഭവത്തിലും സേനയുടെ സമയബന്ധിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. വേനൽമഴ കാര്യമായി ലഭിക്കാത്തതിനാൽ ജില്ലയുടെ മിക്ക പ്രദേശങ്ങളും വരണ്ടുകിടക്കുകയാണ്. ഉണങ്ങിക്കിടക്കുന്ന അടിക്കാടുകളിൽ വീഴുന്ന ചെറിയ തീപ്പൊരിപോലും നിമിഷനേരത്തിനുള്ളിൽ ആളിപ്പടരും. വിഷുനാളിൽ ഇരുവള്ളൂരിൽ അഞ്ചേക്കർ നെൽപ്പാടത്തിന് തീപിടിച്ചിരുന്നു. കൊളത്തറയിലെ 52 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന മങ്കുഴിയിലെ വലിയൊരു ഭാഗത്തും തീപിടിത്തമുണ്ടായി. അഗ്നിരക്ഷാവിഭാഗം സ്ഥലത്തെത്തി തീയണച്ചതിനാലാണ് അപകടം ഒഴിവായത്. വേനൽ മഴ ആവശ്യത്തിന് ലഭിക്കുകയും കാലവർഷം നേരത്തെ എത്തുകയും ചെയ്താൽ സാഹചര്യത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പങ്കുവയ്‌ക്കുന്നത്.










0 comments