ആരോഗ്യവകുപ്പിനെ *വെന്റിലേറ്ററിലാക്കി: എം വി ജയരാജൻ

വടകര
ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കിയാണ് യുഡിഎഫ് സർക്കാർ ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. വടകരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപാ ഉൾപ്പെടെയുള്ള വൈറസ് രോഗങ്ങൾ ഉണ്ടായ കാലത്ത് മന്ത്രിമാർ ഉൾപ്പെടെ ക്യാമ്പ് ചെയ്തുകൊണ്ടാണ് എൽഡിഎഫ് ഭരണകാലത്ത് പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാനത്ത് നിപായും മറ്റ് രോഗങ്ങളും വ്യാപകമായിട്ടും മന്ത്രിമാർ ജനങ്ങളെയാകെ പരിഹസിക്കുകയാണ്. സന്പർക്കവിലക്കിൽ കഴിയുന്നവരുടെ കണക്കുപോലും ഇപ്പോൾ സർക്കാരിന്റെ കൈയിലില്ല. എത്ര പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെപോലും അറിയിച്ചിട്ടില്ല. വൈറസ് രോഗങ്ങൾ ഉണ്ടായാൽ ഒരുക്കേണ്ട ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. ഡിഎംഒയെപോലും കോഴിക്കോട്ട് നിയമിക്കാതെ കുറ്റകരമായ അനാസ്ഥയാണ് സർക്കാർ തുടരുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറെ പുറത്തുനിർത്താൻ നോക്കുന്ന മന്ത്രി കള്ളവും പറയുകയാണ്. ശബരിമല കേസിൽ എസ്ഐടിയിൽനിന്ന് ലഭിക്കേണ്ട രേഖകൾ എല്ലാം സമാഹരിച്ചശേഷമാണ് സർക്കാർ നിയമിച്ച അഭിഭാഷകൻ രാജിവച്ചത്. ഏതെല്ലാം രേഖകളാണ് പ്രതിയുടെ അഭിഭാഷകൻ കരസ്ഥമാക്കിയതെന്ന് ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ടി വരും. ശബരിമലയിൽ സ്വർണം കൊള്ളയടിച്ചത് കോൺഗ്രസ് ആണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.










0 comments