ad
Deshabhimani

കുഞ്ഞു ഒതേനൻ കളരിയുടെ വലിയ ആശാൻ

ഒതേനൻ ഗുരുക്കൾ മക്കൾക്ക്‌ കളരിയിൽ പരിശീലനം നൽകുന്നു

ഒതേനൻ ഗുരുക്കൾ മക്കൾക്ക്‌ കളരിയിൽ പരിശീലനം നൽകുന്നു

വെബ് ഡെസ്ക്

Published on Dec 13, 2025, 12:26 AM | 2 min read

കായക്കൊടി

കളരി ഗുരുക്കന്മാരിൽ പ്രഥമ സ്ഥാനീയൻ മഠത്തിൽ ഒതേനൻ ഗുരുക്കൾ വിടവാങ്ങി. കടത്തനാടൻ കളരി പാരമ്പര്യത്തിന്റെ പ്രഗത്ഭനായ അഭ്യാസിയായിരുന്നു ഒതേനൻ ഗുരുക്കൾ. ഗുരുക്കന്മാരുടെ ഗുരുക്കളായി കുഞ്ഞു ഒതേനൻ നാട്ടിലെങ്ങും ആദരിക്കപ്പെട്ടിരുന്നു.1957 മുതൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ സെൽ അംഗമായി പ്രവർത്തിച്ചു. സി എച്ച് കണാരൻ, കേളുവേട്ടൻ, യു കുഞ്ഞിരാമൻ തുടങ്ങിയ ആദ്യകാല നേതാക്കളുമായി ഒന്നിച്ച് പ്രവർത്തിച്ചു. പാർടി നിരോധനകാലത്ത് നേതാക്കൾക്ക് ഒളിത്താവളം ഒരുക്കുകയും മർദനമേറ്റവർക്ക് ചികിത്സ നൽകുകയുംചെയ്‌തു. മർമചികിത്സയിലും പ്രാവീണ്യമുണ്ട്‌. ഉളുക്കും ചതവും ഉൾപ്പെടെയുള്ളവ അനായാസം ചികിത്സിച്ചു. ചൊക്ലിയിലെ കുഞ്ഞമ്പു ഗുരുക്കളുടെ കളരിയിൽ തുടർച്ചയായി 13 വർഷം കളരി അഭ്യസിച്ചാണ് ഒതേനൻ ഗുരുക്കളായത്. ആയോധനകലയിൽ ആയിരത്തോളം ശിഷ്യന്മാരുള്ള ഗുരുക്കൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2017ൽ ലഭിച്ച ഫോക്‌ലോര്‍ അക്കാദമി അവാർഡും എം ടി വാസുദേവൻ നായരിൽനിന്നും പോണ്ടിച്ചേരി ആരോഗ്യവകുപ്പ് മന്ത്രി സെൽവരാജിൽനിന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ ലഭിച്ച അവാർഡുകളും അവയിൽ ചിലതാണ്. ഒതേനൻ ഒമ്പതാം വയസ്സിലാണ് കളരിയിലേക്കുള്ള ചുവടുവെപ്പ് നടത്തിയത്. 95 വയസ്സിലും ചിട്ടയായ ജീവിതവും മുറതെറ്റാതെയുള്ള കളരി അഭ്യാസ പരിശീലനവും അദ്ദേഹത്തെ ആരോഗ്യത്തോടെ നിലനിർത്തി. ജീവിതാവസാനംവരെ പാദരക്ഷ ഉപയോഗിച്ചില്ല. ‘ദി വീക്ക്' വാരികയിൽ ഗുരുക്കളെക്കുറിച്ച് വന്ന ലേഖനം വായിച്ച് കൗതുകം തോന്നിയ റഷ്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമായ അലക്സാണ്ടർ പെറേവ് 1975ൽ ഗുരുക്കളുടെ അഭ്യാസമുറകൾ മനസ്സിലാക്കുന്നതിനായി കായക്കൊടിയിലെ വീട്ടിലെത്തി. നാലടിപോലും ഉയരമില്ലാത്ത ഒരു കുഞ്ഞു മനുഷ്യന്റെ അഭ്യാസങ്ങൾ കണ്ടതിനുശേഷം റഷ്യയിൽ തിരിച്ചെത്തിയ അലക്സാണ്ടർ റഷ്യൻ പത്രത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചു. ഇതോടെ പ്രശസ്തി കടൽകടന്നു. ‘വിഷ്ണുസ് ആക്സ്’ എന്ന പേരിൽ ഫ്രഞ്ച് ഭാഷയിലും ചിത്രസഹിതം ലേഖനം വന്നു. വാർധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് വെള്ളി രാവിലെ ഒമ്പതോടെയായിരുന്നു അന്ത്യം. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ സുരേഷ്, കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, കുന്നുമ്മൽ ഏരിയ സെക്രട്ടറി പി സി ഷൈജു തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home