‘കണ്ണീർച്ചിത്ര’മായി പ്രഭാകരന്റെ രചനകൾ

The grandmother, who used to glow in the colors of the paintings, is now surrounded by a forest.

ആര്‍ട്ടിസ്റ്റ് പ്രഭാകരന്റെ വീട് നാശോന്മുഖമായ നിലയില്‍

avatar
പി വി ജീജോ

Published on Aug 15, 2025, 12:13 AM | 1 min read

കോഴിക്കോട്‌

ചിത്രങ്ങളുടെ വർണരാജിയിൽ ജ്വലിച്ചുനിന്ന ഗ്രാന്മയ്‌ക്ക്‌ ചുറ്റും ഇപ്പോൾ കാടാണ്‌. പെയിന്റും ബ്രഷും കാൻവാസുകളും സ്‌നേഹസ‍ൗഹൃദങ്ങൾ പങ്കിട്ട വീട്ടിൽ പാമ്പും എലിയും ക്ഷുദ്രജീവികളും. . പ്രശസ്‌ത ചിത്രകാരൻ ആർടിസ്‌റ്റ്‌ പ്രഭാകരന്റെ വീട്‌ കണ്ണാടിക്കൽ കുന്നുമ്മേൽത്താഴം ഗ്രാന്മയിലെ കണ്ണീരലിയിക്കുന്ന കാഴ്‌ചയാണിത്‌. ആർടിസ്‌റ്റ്‌ പ്രഭാകരന്റെ നൂറിലധികം ചിത്രങ്ങളാണ്‌ ചിതലരിച്ചും മഴനനഞ്ഞും പൂട്ടിയിട്ട വീട്ടിൽ നശിക്കുന്നത്‌. ഒന്നരവർഷമായി വീട്‌ പൂട്ടിയിട്ടിരിക്കയാണ്‌. ചിത്രകാരിയായ ജീവിതപങ്കാളി കബിത മുഖോപാധ്യായയും മക്കളും കൊൽക്കത്തയിലേക്ക്‌ പോയി. റാഡിക്കൽ പെയിന്റേഴ്‌സിന്റെ മുൻനിരക്കാരനായി വിദേശങ്ങളിലടക്കം പ്രദർശനം സംഘടിപ്പിച്ച പ്രഭാകരൻ 2020 മാർച്ച്‌ 23നായിരുന്നു അന്തരിച്ചത്‌ അനാഥരും ഏകാകികളുമായ മനുഷ്യരെ ചിത്രങ്ങളിലാവിഷ്‌കരിച്ച പ്രഭാകരൻ രചനയിലൂടെ വ്യവസ്ഥയോട്‌ കലഹിച്ച കലാകാരനായിരുന്നു. ബറോഡ മഹാരാജ സായാജിറാവു സർവകലാശാലയിലെ ചിത്രകലാധ്യാപകനായി. ചെങ്കൽവർണവും പച്ചയും നീലയും നിറങ്ങളുമായി വരച്ച ശബ്ദിക്കുന്ന കലപ്പ, കിഴവനും കടലും, ലേ മിറാബ്ലെ, ഹോർ ഹേ അമാദോവിനുള്ള ആദരാഞ്ജലി തുടങ്ങിയ പ്രഭാകര സൃഷ്‌ടികൾ നിരൂപക പ്രശംസ നേടിയതായിരുന്നു. ജനകീയ ചിത്രകാരനായ പ്രഭാകരന്റെ ചിത്രങ്ങളും വീടും നശിക്കാതെ സംരക്ഷിക്കണമെന്ന്‌ സുഹൃത്തും ചിത്രകാരനുമായ സുനിൽ അശോകപുരം പറഞ്ഞു. മരിച്ച്‌ മറവ്‌ചെയ്‌താലും എന്റെ പെയിന്റിങ്ങുകൾ നിങ്ങൾക്ക്‌ പെട്ടെന്ന്‌ നശിപ്പിക്കാനാകില്ലെന്ന്‌ പ്രഭാകരൻ പറയാറുണ്ടായിരുന്നു. ആ കലാകാരന്റെ ചിത്രങ്ങൾ നശിക്കുന്നത്‌ സങ്കടകരമാണെന്നും സുനിൽ പറയുന്നു. ചിത്രങ്ങളും വീടും സംരക്ഷിക്കാൻ ഇടപെടൽ വേണമെന്ന്‌ സഹോദരൻ ശശിധരനും പ്രഭാകരന്റെ മകൻ കിഷനും പറഞ്ഞു. ലളിതകലാ അക്കാദമിയടക്കമുള്ളവയുടെ ഇടപെടലാണ്‌ ചിത്രകാലപ്രേമികളും ആവശ്യപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home