ജപ്‌തിയിൽ ആത്മഹത്യ
നാടൊന്നായി, ജ്വലിച്ചു പ്രതിഷേധം

കൂത്താളിയിൽ വീട് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത കവിതയുടെ മൃതദേഹവുമായി നടുവണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം
സ്വന്തം ലേഖകൻ പേരാമ്പ്ര വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ജീവനൊടുക്കിയ കൂത്താളി കോയ്യോടൻകണ്ടി കവിതയുടെ മൃതദേഹവുമായി നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയ്ക്ക് മുന്നിലേക്ക് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ ജമിനി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്നരോഷമിരമ്പി. ബാങ്കിന്റെ മനുഷ്യത്വരഹിത നടപടിക്കെതിരെ നാടാകെ അണിചേർന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹവുമായുള്ള ആംബുലൻസ് തിങ്കൾ രാവിലെ 10.45ഓടെയാണ് ബാങ്കിന് മുന്നിലെത്തിയത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാവിലെ മുതൽ ആയിരങ്ങൾ പ്രദേശത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ സംസ്ഥാനപാതയിൽ നടുവണ്ണൂരിനും ഉള്ള്യേരിക്കുമിടയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജനം റോഡിൽ കുത്തിയിരുന്നതോടെ ഇരുഭാഗത്തും കിലോമീറ്ററുകൾ വാഹനങ്ങളുടെ നിര നീണ്ടു. ആളുകളെ ബലംപ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമം സംഘർഷത്തിനുമിടയാക്കി. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് കനത്ത വെയിലിനെ അവഗണിച്ചും ബാങ്ക് അധികൃതർക്കും പൊലീസിനുമെതിരെ മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ളവർ റോഡിലിരുന്ന് പ്രതിഷേധിച്ചു. എംഎൽഎമാരും രാഷ്‌ട്രീയ പാർടി പ്രതിനിധികളും സബ് കലക്ടർ, ബാങ്ക് അധികൃതർ എന്നിവരുമായി നടത്തിയ ചർച്ച മൂന്ന് മണിക്കൂർ നീണ്ടു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൻമേൽ 2.45ഓടെ സമരം അവസാനിപ്പിച്ചു. എംഎൽഎമാരായ ഫാത്തിമ തഹ്‌ലിയ, വി ടി സൂരജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് കെ സജീഷ്, പി കെ മുകുന്ദൻ, ഏരിയാ സെക്രട്ടറിമാരായ എം കുഞ്ഞമ്മത്, ടി കെ സുമേഷ്, ലോക്കൽ സെക്രട്ടറിമാരായ കെ എം ബാലകൃഷ്ണൻ, ജിജീഷ് മോൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എം ജിജേഷ്, ബ്ലോക്ക് സെക്രട്ടറിമാരായ സി കെ രൂപേഷ്, എസ്എസ് അതുൽ, കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം സി ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ് എൻ എം ദാമോദരൻ, കർഷകസംഘം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം വിശ്വൻ, സിപിഐ നേതാവ് ടി എം ശശി, കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ, ബിജെപി നേതാവ് പ്രഫുൽ കൃഷ്ണ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പേരാമ്പ്ര എഎസ്‌പി എസ് ആരതി, നാദാപുരം ഡിവൈഎസ്‌പി പി എം മനോജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.









0 comments