വലഞ്ഞ് വയോധികരും ഗർഭിണികളും

ഫറോക്ക്
സാധാരണക്കാർ ചികിത്സതേടുന്ന സർക്കാർ ആശുപത്രികളിൽ അത്യാവശ്യത്തിനുപോലും മരുന്നില്ലാതെ വയോധികരും ഗർഭിണികളും വലയുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ജീവിതശൈലീ രോഗങ്ങൾക്കും സ്ത്രീകൾ ഗർഭകാലത്തും കഴിക്കുന്ന മരുന്നുകൾ പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ കിട്ടാനില്ല. തുടർച്ചയായി മരുന്നില്ലാതായതോടെ പലവട്ടം വരിനിന്നുമടുത്ത വയോധികർ വൻ തുക മുടക്കി മരുന്ന് ഷാപ്പുകളിൽനിന്നും വാങ്ങേണ്ട ഗതികേടിലാണ്. ഫറോക്ക് താലൂക്കാശുപത്രി, ചെറുവണ്ണൂർ -നല്ലളം, ബേപ്പൂർ, രാമനാട്ടുകര, കടലുണ്ടി ചാലിയം കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ചെറുവണ്ണൂർ സാമൂഹ്യാരോഗ്യ കേന്ദ്രം, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സമാന സ്ഥിതിയാണ്. കൊളസ്ട്രോൾ കുറയ്ക്കാനുള്ള അറ്റോർവാസ്റ്റാറ്റിൻ, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള റോസുവാസ്റ്റാറ്റിൻ, ഹൃദ്രോഗികളിൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള ആസ്പിരിൻ, ക്ലോപിഡോഗ്രൽ, പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻൃ, ആസ്തമ, അലർജി എന്നിവയ്ക്കുള്ള ഇൻഹേയ്‌ലർ അടക്കമുള്ളവയും ലഭിക്കുന്നില്ല. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും രോഗികൾക്ക് നൽകുന്ന മരുന്നിന്റെ കുറിപ്പുകളിൽ പകുതിയും പണം കൊടുത്ത് വാങ്ങുകയാണിപ്പോൾ. സർക്കാർ അനാസ്ഥ കാരണം ഏറ്റവും കൂടുതൽ വലഞ്ഞത് വയോധികരാണ്. മാസങ്ങൾക്കുമുമ്പുവരെ സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമായ മരുന്നുകളെല്ലാം കിട്ടിയിരുന്നത് നിലച്ചപ്പോൾ വണ്ടിക്കൂലിയും അധികം നൽകി സ്വകാര്യാശുപത്രികളെ ആശ്രയിക്കേണ്ട ദുർഗതിയിലാണ് പ്രായമായവർ. വയോധികർക്കാവശ്യമായ ജീവിതശൈലീ രോഗങ്ങൾക്കുൾപ്പെടെയുള്ള മരുന്നുക്ഷാമം പരിഹരിക്കാൻ നല്ലളം എഫ്‌എച്ച്‌സി അധികൃതർ കോർപറേഷന്റെ സഹായം അഭ്യർഥിച്ചിരിക്കയാണ്.









0 comments