മലയോര ഹൈവേ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
യാത്രാസ്വപ്നം പൂവണിയുന്നു

പ്രവൃത്തി പൂർത്തിയായ മലയോര ഹെെവേ
കോഴിക്കോട്
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മലയോര ഹൈവേയുടെ ബാലുശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന 28ാം മൈല്‍- തലയാട് റീച്ചിന്റെയും ബാലുശേരി, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന തലയാട്- മലപുറം റീച്ചിന്റെയും ഉദ്ഘാടനവും ചെമ്പ്ര മുതല്‍ 28ാം മൈല്‍ വരെയുള്ള റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. രാവിലെ 10ന് തലയാട് ടൗണില്‍ നടക്കുന്ന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എഎല്‍എമാരായ കെ എം സച്ചിന്‍ദേവ്, ഡോ. എം കെ മുനീര്‍, ലിന്റോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. 28ാം മൈല്‍ മുതല്‍ തലയാട് വരെ 6.79 കിലോമീറ്റര്‍ നീളത്തില്‍ 50 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി തലയാട് പാലവും 12 മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിച്ചു. തലയാട് മുതല്‍ മലപുറം വരെ ഒന്നാംഘട്ടമായി 9.99 കിലോമീറ്റര്‍ നീളത്തില്‍ 58.9 കോടി രൂപ സാങ്കേതികാനുമതിയിലാണ് മലയോര ഹൈവേയായി വികസിപ്പിച്ചിരിക്കുന്നത്. 21 മാസം കൊണ്ടാണ് റോഡ് പ്രവൃത്തി പൂർത്തിയാക്കുന്നത്. ജില്ലയിൽ മൊത്തമുള്ള 10 റീച്ചിൽ കോടഞ്ചേരി – കക്കാടംപൊയിൽ റീച്ച് നേരത്തെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തിരുന്നു. മലയോര ഹൈവേയുടെ നിർമാണം പൂർത്തിയായതോടെ കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കും എൻഎച്ച് 766–ലേക്കും വേഗത്തിലെത്താനാവും. ടൂറിസം സാധ്യതകൾ വിപുലപ്പെടുത്താനും വഴിയൊരുങ്ങും. കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാവും.










0 comments