ad
Deshabhimani

ഞെക്കിക്കൊല്ലുന്നു; കോർപറേഷന്‌ നഷ്ടം 110 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2026, 02:03 AM | 1 min read

കോഴിക്കോട്‌

തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട്‌ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതോടെ കോർപറേഷന്‌ നഷ്ടമായത്‌ 110 കോടി രൂപ. ആദ്യം 25 കോടി കുറച്ചു. പിന്നീട്‌ സർക്കാർ പുറത്തിറക്കിയ ഉത്തരവിലൂടെ ഉപാധി രഹിത ഫണ്ടും വെട്ടിക്കുറച്ചതോടെ ആകെ 22 കോടി രൂപയാണ്‌ ഇ‍ൗ സാമ്പത്തിക വർഷം കോർപറേഷന്‌ പദ്ധതിയിനത്തിൽ ലഭ്യമാവുക. നിരവധി വികസന പദ്ധതികൾ ഇ‍ൗ തുകയുപയോഗിച്ച്‌ എങ്ങനെ ചെയ്ത്‌ തീർക്കുമെന്ന ആശങ്കയിലാണ്‌ കോർപറേഷൻ. എൽഡിഎഫ്‌ സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റ്‌ പ്രകാരം 132.51 കോടി രൂപയാണ്‌ കോർപറേഷന്‌ അനുവദിച്ചത്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച ബജറ്റും തുടർന്ന്‌ പുറത്തിറക്കിയ ഉത്തരവും വഴി അത്‌ 22.62 ലക്ഷമായി ചുരുങ്ങി. 110 കോടിയുടെ കുറവ്‌. അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാര വിതരണമടക്കമുള്ള പദ്ധതികൾക്ക്‌ ഫണ്ട്‌ കണ്ടെത്താനാകാതെ ശ്വാസം മുട്ടുന്ന സാഹചര്യമാണ്‌ ഇപ്പോൾ. പകൽവീടടക്കം കോർപറേഷൻ നടപ്പാക്കുന്ന പല പദ്ധതികൾക്കും ഫണ്ട്‌ കൊടുക്കാൻ കഴിയാത്ത നിലയുമുണ്ടാകും. പൊതുഭരണ ധനകാര്യ മേഖലയിൽ 4.97 കോടിയുടെ കുറവാണ്‌ സംഭവിച്ചത്‌. കാർഷിക മേഖലയിൽ 1.65 കോടി, പ്രാദേശിക വികസനത്തിൽ 2.73 കോടി, മത്സ്യവികസനത്തിൽ 20.73 കോടി, മൃഗസംരഷണത്തിൽ 1.24 കോടി, ക്ഷ‍ീര മേഖലയിൽ 49.75 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിന്‌ 82.92 ലക്ഷം, സാമൂഹ്യ നീതിയിൽ 4.81 കോടി, ആരോഗ്യത്തിൽ 2.48 കോടി, വിദ്യാഭ്യാസ മേഖലയിൽ 1.65 കോടി, കലാ സാംസ്കാരിക മേഖലയിൽ 82.92 ലക്ഷം, നഗരാസൂത്രണത്തിൽ 2.07 കോടി, പൊതുമരാമത്ത്‌ വികസനത്തിൽ 4.14 കോടി, പാർപ്പിടത്തിന്‌ 1.94 കോടി, സ്പിൽ ഓവർ ഇനത്തിൽ 32.96 കോടി രൂപ എന്നിങ്ങനെ വിവിധ മേഖലകളിൽ പദ്ധതി വിഹിതം കുറയും. കോർപറേഷനെ സാമ്പത്തികമായി ഞെരുക്കുക വഴി സാധാരണക്കാരന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും ഇല്ലാതാവുകയും വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യത്തിലേക്ക്‌ എത്തുകയും ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home