ad
Deshabhimani

നഗരം മഹാസാഗരം

The city became a Red Sea.

എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാനായി കോഴിക്കോട് മുതലക്കുളത്ത് എത്തിയ ജനം

avatar
അനഘ പ്രകാശ്‌

Published on Feb 09, 2026, 12:26 AM | 1 min read

കോഴിക്കോട്

കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറവിയെടുത്ത, പോരാട്ടങ്ങളുടെ വിളനിലമായ ഭൂമികയിൽ ഇടതിനെ നെഞ്ചേറ്റിയവര്‍ എത്തിയപ്പോൾ നഗരം ചെങ്കടലായി. സമര ഇതിഹാസങ്ങൾ മുഴക്കിയ കോഴിക്കോടിന്റെ മണ്ണിൽ ഭരണത്തുടര്‍ച്ചയ്ക്കായുള്ള മുദ്രാവാക്യങ്ങൾ അലയടിച്ചു. നാടിന്റെ തുടിപ്പറിഞ്ഞ്, സാഹിത്യ നഗരിയിലെത്തിയ എൽഡിഎഫ് വടക്കൻ മേഖലാ ജാഥയെ ഒരുദശാബ്ദത്തെ സദ്ഭരണം മനസ്സ് നിറച്ച പതിനായിരങ്ങൾ സ്വീകരിച്ചു. ജനസഞ്ചയം കടലായി മുതലക്കുളം മൈതാനത്ത്‌ ആർത്തിരമ്പി. ഇടതുപക്ഷ ഭരണം തുടരണമെന്ന് സര്‍ക്കാരിന്റെ കരുതൽ തൊട്ടറിഞ്ഞവര്‍ ഒരേസ്വരത്തിൽ വിളിച്ചുപറഞ്ഞു. ഞായർ രാത്രി ഏഴരയോടെയാണ് കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണവേദിയായ മുതലക്കുളത്ത് ജാഥയെത്തിയത്. പിഞ്ചുകുഞ്ഞിനെ മാറോടുചേര്‍ത്ത അമ്മമാരും ക്ഷേമ പെൻഷൻ കൃത്യമായി ലഭിച്ച മുത്തശ്ശിമാരുമെല്ലാം ജനനായകരെ കാണാനെത്തി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ജാഥാ ലീഡറെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചു. വർണക്കടലാസുകൾ അന്തരീക്ഷത്തിൽ വാരിവിതറി, എൽഇഡി നിറങ്ങൾ നിറഞ്ഞ പൂക്കാവടിയും വെടിക്കെട്ടും ബാൻഡ്‌ മേളവും നാസിക്‌ ഡോൾ താളവും അകമ്പടിയായി. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുസാഫര്‍ അഹമ്മദ്, പി നിഖിൽ, ഏരിയാ സെക്രട്ടറിമാരായ കെ ബൈജു, കെ രതീഷ് എന്നിവര്‍ ജാഥയെ നഗരത്തിലേക്ക്‌ സ്വ‍ീകരിച്ചു. സ്വീകരണയോഗത്തിൽ സംഘാടക സമിതി ചെയര്‍മാൻ പി കെ നാസര്‍ അധ്യക്ഷനായി. ജാഥാംഗങ്ങളായ കെ എസ് സലീഖ, പി സന്തോഷ് കുമാര്‍ എംപി, മനയത്ത് ചന്ദ്രൻ, യു ബാബു ഗോപിനാഥ്, കാസിം ഇരിക്കൂര്‍, സ്വാഗതസംഘം കൺവീനർ സി പി മുസാഫർ അഹമ്മദ്‌ എന്നിവര്‍ സംസാരിച്ചു. അഹമ്മദ് ദേവര്‍കോവിൽ എംഎൽഎ, എൽ രമേശൻ തുടങ്ങിയവര്‍ എം വി ഗോവിന്ദനെ ഹാരമണിയിച്ചു. മേയര്‍ ഒ സദാശിവൻ ഉപഹാരം നൽകി. മന്ത്രി പി എ മുഹമ്മദ് റിയാസ്, എളമരം കരിം, എ പ്രദീപ് കുമാര്‍, എസ് ജയശ്രീ, അഡ്വ. പി ഗവാസ്, കെ കെ ലതിക, മുക്കം മുഹമ്മദ്, എഴുത്തുകാരൻ കെ പി രാമനുണ്ണി, കെ സലിം, അഡ്വ. ആരിഫ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home