പനങ്ങാടിന്റെ പടയോട്ടം

പനങ്ങാട് കോട്ടനട വയലിൽ തരശിഭൂമിയിൽ നടന്ന നെൽകൃഷി വിളവെടുപ്പ്
ഗിരീഷ് വാകയാട് ബാലുശേരി പനങ്ങാടിന്റെ നെല്ലറയാണ് കോട്ടനടവയൽ. വർഷങ്ങളായി തരിശായി കിടന്ന പാടം. വിയർപ്പൊഴുക്കി കതിർപ്പൊന്നുവിളയിച്ച വിജയഗാഥയുടെ കഥയുണ്ട് പറയാൻ നടുപ്പൊയിൽ ശ്രീജയ്ക്കും ആര്യൻകുന്നത്ത് കമലയ്ക്കും പുതുക്കിടി രജീഷിനും. വർഷങ്ങളായി തരിശുകിടന്ന നാല് ഹെക്ടറിൽ പനങ്ങാട് കാർഷിക കർമസേനയുടെ നേതൃത്വത്തിൽ നെൽകൃഷിയിറക്കി. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണം കൂടിയായപ്പോൾ മണ്ണിൽ പൊന്നുവിളഞ്ഞു. നാല് ടൺ ഉൽപ്പാദനവുമുണ്ടായി. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞതും കർഷകതൊഴിലാളികളെ ലഭിക്കാൻ പ്രയാസം നേരിട്ടതും ഉൽപ്പാദനച്ചെലവ് വർധിച്ചതുമാണ് തരിശാകാൻ കാരണമായത്. കാർഷിക കർമസേന സെക്രട്ടറി സദാനന്ദൻ ഉൾപ്പെടെയുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് നെൽകൃഷിയിൽ അധിക ഉൽപ്പാദനമുണ്ടാക്കിയത്. ജൈവകൃഷിയ്ക്ക് പ്രാധാന്യം നൽകി. അപേക്ഷിച്ച മുഴുവൻ നാളികേര കർഷകർക്കും ജൈവവളവും കുമ്മായവും നൽകി. മുളക് ഗ്രാമം പദ്ധതി നടപ്പാക്കിയ ഖ്യാതിയും പനങ്ങാടിനുണ്ട്. നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതിനോടൊപ്പം മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകി പദ്ധതികൾ നടപ്പാക്കി കാലത്തിനുമുന്പേ സഞ്ചരിക്കുകയാണ് പനങ്ങാട് പഞ്ചായത്ത്. ആരോഗ്യരംഗത്ത് ആർദ്രം പുരസ്‌കാരം ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങളാണിവിടെ. പനങ്ങാട്, വയലട കുടുംബാരോഗ്യകേന്ദ്രങ്ങൾ, മങ്കയം ഹോമിയോ ഡിസ്പൻസറി, കിടത്തിച്ചികിത്സാ സൗകര്യമുള്ള തലയാട് ഗവ. ആയുർവേദ ആശുപത്രി എന്നിവ പ്രവർത്തിക്കുന്നു. 2020–-21ൽ ആർദ്രകേരളപുരസ്കാരം ഒന്നാം സ്ഥാനവും, 2023–-24 ൽ രണ്ടാം സ്ഥാനവും ലഭിച്ചു. ദേശീയതലത്തിൽ എൻക്യുഎസ് അംഗീകാരം ലഭിച്ച സ്ഥാപനം കൂടിയാണ് പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം. പെയിൻ ആൻഡ് പാലിയേറ്റീവിന് വാഹന സൗകര്യത്തോടെ രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക നേത്രചികിത്സാ സംവിധാനം ലഭ്യമാക്കി. മാലിന്യ സംസ്കരണത്തിൽ മികവോടെ മാലിന്യപരിപാലനത്തിന് മികവാർന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. കിനാലൂരിൽ സ്വന്തമായി എംസിഎഫ് പ്രവർത്തിക്കുന്നു. 24 ഹരിത കർമസേനാംഗങ്ങൾ, സ്വന്തമായി വാഹനം, പ്ലാസ്റ്റിക് പാഴ്‌വസ്തുശേഖരണം എന്നിവയുമുണ്ട്. കൺവെയർ ബെൽറ്റ് മുഖേന പാഴ്‌വസ്തുക്കൾ തരംതിരിച്ച് സംസ്കരിക്കാനും ബെയിലിങ് മെഷീൻ ഉപയോഗിച്ച് സാധനങ്ങൾ കംപ്രസ് ചെയ്ത് കയറ്റി അയക്കാനുമുള്ള സൗകര്യം ഉണ്ടാക്കി. 20 മിനി എംസിഎഫുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. തൊഴിലുറപ്പിൽ ഒന്നാമത് 12.27 ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കുക വഴി 52. 19 കോടിരൂപ വേതനമായി തൊഴിലാളികൾക്ക് ലഭിച്ചു. 2020-–21 വർഷത്തിൽ മാതൃകാപരമായി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതിന് ജില്ലയിൽ ഒന്നാംസ്ഥാനം ലഭിച്ചു. 158 ഗ്രാമീണറോഡുകൾ നാടിന് സമർപ്പിക്കാനായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഏഴുപേരുടെ വീട്ടിലേക്കുള്ള റോഡ് നിർമിച്ചുനൽകി.









0 comments