സൂപ്പറാണ് ടീച്ചറെ ബിരിയാണി
അങ്കണവാടികളില്‍ പുതുക്കിയ ഭക്ഷണമെനു നടപ്പിലാക്കിയതോടെ കോഴിക്കോട് ചെറൂട്ടി റോഡിലെ അങ്കണവാടിയില്‍ ചൊവ്വ ദിവസത്തെ വിഭവമായ മുട്ട ബിരിയാണി വിളമ്പിയപ്പോള്‍
സ്വന്തം ലേഖിക കോഴിക്കോട് ഉച്ചയ്‌ക്ക് ചോറും കറിയും പ്രതീക്ഷിച്ച് പാത്രവുമായി ഇരുന്നതാണ് ചെറൂട്ടി റോഡിലെ നന്പർ 120 ഗോകുലം അങ്കണവാടിയിലെ ഫാത്തിമയും അയാനും. എന്നാൽ രജനി ടീച്ചർ വിളന്പിയതോ ചെറുചൂടുള്ള സൂപ്പർ മുട്ട ബിരിയാണി. കണ്ണുമിഴിച്ച് കൗതുകത്തോടെ അവർ പാത്രത്തിലേക്ക് നോക്കി. നിങ്ങൾക്കുള്ളത് തന്നെയാണ്, കഴിച്ചോളൂ എന്ന് ടീച്ചർ പറഞ്ഞതോടെ സമ്മതം കിട്ടിയ സന്തോഷത്തിൽ അയാനും പാറുവും ശ്രീക്കുട്ടിയുമെല്ലാം ബിരിയാണി ഉരുളകളാക്കി കഴിച്ചുതുടങ്ങി. എങ്ങനെയുണ്ടെന്ന ഹെൽപ്പർ സുഹറാബിയുടെ ചോദ്യത്തിന് കൈകൊണ്ട് സൂപ്പറെന്നും അടിപൊളിയെന്നും ഒരേ ശബ്ദത്തിൽ കുരുന്നുകളുടെ മറുപടി. അങ്കണവാടികളിൽ ഉച്ചഭക്ഷണമായി ബിരിയാണി നൽകിയ ആദ്യദിനത്തിൽ കുട്ടികളെല്ലാം ഹാപ്പി. പുതുക്കിയ മെനു അനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം അങ്കണവാടികളിലും കുഞ്ഞുങ്ങൾ മുട്ടബിരിയാണിയുടെ സ്വാദ് നുകർന്നു. മുട്ട ബിരിയാണി, പുലാവ്, കൊഴുക്കട്ട, ഇലയട, ന്യൂട്രി ലഡു എന്നിവയാണ് പുതിയ മെനു അനുസരിച്ച് നൽകുന്ന ഭക്ഷണം. ഇതിന് മുന്നോടിയായി വെള്ളയിൽ സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റിൽ ജീവനക്കാർ ഭക്ഷ്യ വിഭവങ്ങളൊരുക്കാൻ പരിശീലനം നൽകിയിരുന്നു. അങ്കണവാടികളിൽ ‘ബിർണാണി’ വേണമെന്ന് ആവശ്യപ്പെട്ട മൂന്ന് വയസ്സുകാരൻ ശങ്കുവിന്റെ വീഡിയോ വൈറലായിരുന്നു. തുടർന്നാണ് ബിരിയാണി ഉൾപ്പെടുത്തി ഭക്ഷണ മെനു പുതുക്കിയത്.











0 comments