ad
Deshabhimani

ആവശ്യത്തിന് ട്രെയിൻ സര്‍വീസില്ല ഓണത്തിന്‌ വീടണയേണ്ടേ

Railway
വെബ് ഡെസ്ക്

Published on Aug 22, 2026, 03:00 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട് ഓണക്കാലത്ത് കോഴിക്കോട്ടുകാരുടെ ദുരിതയാത്ര തുടര്‍ക്കഥയാകും. ഈ ഓണത്തിനും നാട്ടിലെത്താൻ സൂചികുത്താൻ ഇടമില്ലാത്ത ട്രെയിനിലെ ജനറൽ കോച്ചുകളിൽ ശ്വാസംമുട്ടി വരേണ്ട സ്ഥിതിയാണ്. തിരക്ക് കണക്കിലെടുത്ത് റെയിൽവേ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമാകില്ല. പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനുകളിലും റിസർവേഷൻ ടിക്കറ്റുകൾ ദിവസങ്ങൾക്കകം തീർന്നുകഴിഞ്ഞു. മറുനാടൻ മലയാളികളാണ് പ്രതിസന്ധിയിലാകുന്നത്. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്നൊന്നും മലബാറിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റില്ല. റിസർവേഷൻ കിട്ടാത്തതിനാൽ ജനറൽ കോച്ചുകളിലെ തിരക്ക്‌ കാരണം സ്ലീപ്പർ കോച്ചുകളിൽ പിഴ അടച്ച് യാത്ര ചെയ്യുന്നവരും ഏറെയാണ്. ഇത് സ്ലീപ്പര്‍ കോച്ചുകളിലും തിരക്ക് വര്‍ധിപ്പിക്കുന്നു. ഓണത്തിരക്കിൽ നാട്ടിലെത്താൻ നിലവിലെ അധിക സർവീസുകൾ മതിയാകില്ലെന്നും കൂടുതൽ ട്രെയിനുകൾ വേണമെന്നും യാത്രക്കാർ പറയുന്നു. എട്ട് അധിക സർവീസുകളാണ് ഇത്തവണ അനുവദിച്ചത്. പാലക്കാട് ഡിവിഷനിലൂടെ ഓണം സീസണിൽ 36 പ്രത്യേക ട്രെയിൻ സർവീസുകളിലായി 124 ട്രിപ്പുകളുണ്ട്. ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റിലാക്കി തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റുകൾ കൂടുതൽ വിറ്റഴിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് റെയിൽവേയിലെ സ്ഥിരം കാഴ്ചയാണ്. ഓണം അടുത്തതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നതിനാൽ മലബാറിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ​ ബസ്സുകളിലും 
കൊള്ള ട്രെയിൻ ടിക്കറ്റുകൾ ലഭിക്കാതെ വന്നതോടെ സ്വകാര്യ ബസ്സുകളെയും ആളുകൾ ആശ്രയിക്കുന്നുണ്ട്. കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലുമെല്ലാം ഓണക്കാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് തോന്നുന്ന നിരക്കാണ് ഈടാക്കുന്നത്. 3000 മുതൽ 4000 രൂപവരെ ടിക്കറ്റുകൾക്ക് അധികനിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി ഓണം സ്പെഷ്യൽ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ കെഎസ്ആര്‍ടിസിയിൽ ഉത്സവ സീസണുകളിൽ പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാൽ, യുഡിഎഫ് സര്‍ക്കാര്‍ ഏതുസമയത്തും ആദ്യത്തെ ഏതാനും സീറ്റുകൾക്കൊഴികെയുള്ളതിനെല്ലാം തോന്നിയ വിലയാണ് ഈടാക്കി വരുന്നത്. ഇതിനാൽ ഓണക്കാലത്തെ നിരക്കും കീശ കീറുന്നതാകും. കരിഞ്ചന്തയിലും വിൽപ്പന നടക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home