തെരുവുനായ ആക്രമണം
യുവതിക്ക് പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകും

കൊയിലാണ്ടി
യുവതിയെ തെരുവ് നായ കടിച്ച സംഭവത്തിൽ കീഴരിയൂർ പഞ്ചായത്ത് 52,000 രൂപ നഷ്ടപരിഹാരം നൽകും. കീഴരിയൂരിലെ അമൃതപ്രിയ ലാലീസ് വിജയപുരിക്കാണ് തുക ലഭിക്കുക. യുവതിയുടെ പരാതിയിൽ നഷ്‌ടപരിഹാരമായി 52,000 രൂപ അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമന്റേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് തുക അനുവദിക്കാൻ തീരുമാനിച്ചത്. നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ 2014 മാർച്ചിലായിരുന്നു അമൃതപ്രിയക്ക് കടിയേറ്റത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവ് ഭരണസമിതി അംഗീകരിക്കുകയായിരുന്നു. നഷ്‌ടപരിഹാരം നൽകുന്നതിനൊപ്പം തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി ഭക്ഷ്യമാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുന്ന നടപടി ഊർജിതപ്പെടുത്തുമെന്നും വളർത്തുനായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി കെ ബാബു അറിയിച്ചു. വിവിധ ഭാഗങ്ങളിൽ ഷട്ടറുകൾ സ്ഥാപിക്കും. തെരുവ് പട്ടികളുടെ നിയന്ത്രണത്തിന് സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റി വാർഡുതലങ്ങളിൽ ഉടൻ യോഗങ്ങൾ വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments