ജപ്പാൻ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി
6 പഞ്ചായത്തില്‍ വെള്ളം ഇന്നെത്തും, രണ്ടിടത്ത് വൈകും

തുറവൂർ
ജപ്പാൻ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായതോടെ കടക്കരപ്പള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് എന്നീ പഞ്ചായത്തിലേക്കുള്ള ജല സംഭരണികളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ തുടങ്ങി. വ്യാഴം വൈകിട്ടോടെയാണ് തുറവൂർ, തൈക്കാട്ടുശേരി, പാട്ടുകുളങ്ങര എന്നിവിടങ്ങളിലാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായത്. വെള്ളി രാവിലെ മുതൽ ശുദ്ധജല വിതരണം തുടങ്ങും. എന്നാൽ എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിലേക്കു പോകുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി പൂർത്തിയായില്ല.അതിനാൽ ഇവിടങ്ങളിൽ ജലവിതരണം ആരംഭിക്കാനാവില്ല. ദിവസങ്ങളായി അറ്റകുറ്റപ്പണിയുടെ പേരിൽ ശുദ്ധജല വിതരണം തടസപ്പെട്ടതിനാൽ എരമല്ലൂർ, അരൂർ മേഴ്‌സി സ്‌കൂൾ എന്നിവിടങ്ങളിലെ പൈപ്പിന്റെ ചോർച്ച പരിഹരിക്കുന്ന ജോലി മാറ്റി വയ്ക്കുകയായിരുന്നു. ഈ രണ്ട് പഞ്ചായത്തുകളിലേക്കു പോകുന്ന പ്രധാന പൈപ്പിന്റെ വാൽവ് പൂട്ടിയതിന് ശേഷമാണ് മറ്റ് പഞ്ചായത്തിലേക്കു പോകുന്ന പൈപ്പിലൂടെ പമ്പിങ് തുടങ്ങിയത്. ഉയരപ്പാതയുമായി ബന്ധപ്പെട്ട് കാനയുടെ നിർമാണത്തിനിടെയാണ് എൻസിസി റോഡ്, എരമല്ലൂർ, മേഴ്‌സി സ്കൂൾ എന്നിവിടങ്ങളിലും തൈക്കാട്ടുശേരി ഫെറിയ്ക്കു സമീപമുള്ള വാൽവ് ചേംബറിലും ചോർച്ചയുണ്ടായത്. അറ്റുകുറ്റപ്പണിക്കായി പമ്പിങ് നിർത്തുകയായിരുന്നു.









0 comments