പ്രതിനിധികൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി
print edition യുഎൻ പൊതുസഭയിൽ നെതന്യാഹുവിന് പ്രഹരം

ന്യൂയോർക്ക് : ഗാസയിലുൾപ്പെടെ നിരവധിയിടങ്ങളിലെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഐക്യരാഷ്‌ട്ര പൊതുസഭയിൽ നാണംകെട്ടു. സംസാരിക്കാൻ നെതന്യാഹുവിന്റെ പേരുവിളിച്ചയുടൻ വിവിധ രാജ്യങ്ങളിൽനിന്നെത്തിയ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും ഇറങ്ങിപ്പോയി. അറബ്, മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കൊപ്പം ആഫ്രിക്കൻ പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമായി. ഒടുവിൽ ഒഴിഞ്ഞ കസേരകളെ നോക്കിയായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. കഴിഞ്ഞവർഷവും യുഎൻ പൊതുസഭയിൽ നെതന്യാഹു സംസാരിക്കുംമുന്പ് പ്രതിനിധികൾ ഇറങ്ങിപ്പോയിരുന്നു.
പ്രസംഗം ബഹിഷ്കരിച്ച് ഹാൾ വിട്ടവരെ ‘ഭീരുക്കൾ' എന്ന് വിളിച്ചാണ് നെതന്യാഹു അധിക്ഷേപിച്ചത്. യുഎൻ ആസ്ഥാനത്തിനുപുറത്ത് തനിക്കെതിരെ മുദ്രാവാക്യംവിളിച്ച മനുഷ്യാവകാശ പ്രവർത്തകരെ ‘വ്യാജ മനുഷ്യാവകാശ പ്രവർത്തകരെ’ന്നും പരിഹസിച്ചു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിയെ ‘ജൂതവിരുദ്ധ’നെന്ന് വിളിച്ച് ഭീഷണിമുഴക്കി. അന്താരാഷ്ട്ര ക്രിമിനൽകോടതി യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച നെതന്യാഹുവിനെ വിചാരണചെയ്യണമെന്ന് മംദാനി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ കൈയേറിയ നടപടിയെ ന്യായീകരിച്ച നെതന്യാഹു, ഫ്രാൻസും ബ്രിട്ടനുമാണ് ലോകത്ത് അധിനിവേശം കണ്ടുപിടിച്ചതെന്നും പറഞ്ഞു. തുർക്കിയയ്ക്കും സിറിയയ്ക്കുംനേരെയും ഭീഷണിമുഴക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി ചേർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തെന്ന അവകാശവാദവും ആവർത്തിച്ചു. ആക്രമണങ്ങൾക്ക് പൂർണ പിന്തുണ നൽകിയ ട്രംപിനെ പ്രശംസിക്കുകയുംചെയ്തു.
വെസ്റ്റ് ബാങ്കിൽ നടത്തുന്ന വ്യാപക അക്രമങ്ങളെയും കൊലപാതകങ്ങളെയും ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിച്ച് നിസാരവൽക്കരിക്കാനും ശ്രമമുണ്ടായി. യുഎൻ വേദിയിൽ പതിവുള്ള പ്രഹസന നാടകങ്ങൾ ഇത്തവണയും നെതന്യാഹു ആവർത്തിച്ചു. ഇറാനെ പരിഹസിക്കാനെന്നപേരിൽ ‘സ്റ്റാർലിങ്ക്’ സാറ്റ്‌ലൈറ്റ് ആശയവിനിമയ ഉപകരണവും പേജർ ആക്രമണം ഓർമിപ്പിക്കാൻ പേജറും സഭയിൽ ഉയർത്തിക്കാട്ടി.









0 comments