ad
Deshabhimani

നാലാംദിവസവും "പുലി കാണാമറയത്ത്’: ജനം ആശങ്കയിൽ

People are anxious as the leopard remains untraced.

കുമ്മങ്കോട് പുലിയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടിലെ ആടിന് തീറ്റകൊടുക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ തുറക്കുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 01:40 AM | 1 min read

നാദാപുരം

നാല്‌ ദിവസമായിട്ടും പുലിയെ കണ്ടെത്താനാകാത്തതോടെ കുമ്മങ്കോട്ട്‌ ജനങ്ങൾ ആശങ്കയിൽ. ​ ബുധനാഴ്ച പുലിക്കായി വനവകുപ്പ് ഇരുമ്പിന്റെ കൂട് സ്ഥാപിച്ചെങ്കിലും കിട്ടിയിട്ടില്ല. മൂന്നുദിവസമായി കുമ്മങ്കോട് എൽപി സ്കൂളുകളും മദ്രസകളും അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ ക്ലാസ്‌ നഷ്‌ടപ്പെടുന്നതിന്റെ ആധിയിലാണ്‌ രക്ഷിതാക്കൾ. അതേസമയം, പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വേണ്ട ജാഗ്രത ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന വിമർശവുമുണ്ട്. കുറ്റ്യാടി ഫോറസ്റ്റർ പ്രശാന്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ദ്രുതകർമ സേനയും വനപാലകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ​കഴിഞ്ഞദിവസം രാത്രിയിൽ ചെക്യാട് പഞ്ചായത്തിലെ തൈക്കണ്ടിയിൽ മുക്കിലും പുലിയിറങ്ങിയെന്ന പ്രചാരണം ഭീതിയിലാക്കിയിട്ടുണ്ട്‌. സൈക്കിളിൽ പോകുന്നതിനിടയിൽ പുലിയെ കണ്ടതായി ഒരുസ്‌കൂൾ വിദ്യാർഥിയാണ്‌ പറഞ്ഞത്. തൊട്ടുപിന്നാലെ നാദാപുരം രണ്ടാംവാർഡിൽ ഇയ്യങ്കോട് പുഴയോട് ചേർന്ന് വീടിന് സമീപം പുലിയുടെ സാന്നിധ്യം സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന്‌ നൂറുകണക്കിന് പേരാണ് തിരച്ചിലിനിറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എഐ നിർമിത ദൃശ്യങ്ങളുൾപ്പെടെ ​സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവും നടക്കുന്നുണ്ട്‌. ബുധൻ രാത്രി പുലിയിറങ്ങി എന്ന്‌ പ്രചരിപ്പിച്ചത്‌ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു. വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നാദാപുരം ഡിവൈഎസ്‌പി പി എം മനോജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home