ad
Deshabhimani

"ഓസ്‌കാറി'ൽ നീന്തിക്കയറി സോനു

ഓസ്കാർ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന സിമന്റ് ടാങ്ക്

ഓസ്കാർ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന സിമന്റ് ടാങ്ക്

avatar
വി ബൈജു

Published on Mar 21, 2025, 12:49 AM | 1 min read

എലത്തൂർ

മൂന്നുവർഷം മുമ്പ്‌ പ്ലംബിങ്‌ തൊഴിലാളിയായിരുന്നു സോനു. ഇന്ന്‌ വർഷം ആറുലക്ഷം രൂപ വരെ വരുമാനമുള്ള സംരംഭകനും. ഇതിന്റെ രഹസ്യം ചോദിച്ചാൽ വീട്ടുമുറ്റത്തെ ടാങ്കിലേക്ക്‌ വിരൽ ചൂണ്ടും. ചുവപ്പും വെള്ളയും കലർന്ന നിറത്തിൽ നീന്തിത്തുടിക്കുന്ന ഓസ്‌കാർ മത്സ്യക്കുഞ്ഞുങ്ങൾ, തൊഴിലാളിയിൽനിന്ന്‌ സംരംഭകനിലേക്കുള്ള സോനുവിന്റെ പാതയിലെ മിന്നും താരങ്ങളാണ്‌. എലത്തൂർ ചെട്ടികുളം കണ്ണനാരി വീട്ടിൽ സോനു ടെറസിൽ തുടങ്ങിയ അലങ്കാര മത്സ്യകൃഷി വീട്ടുമുറ്റത്തേക്ക് മാറ്റിയതോടെ ഒരുവർഷംകൊണ്ട്‌ മുടക്കുമുതലിനേക്കാൾ വരുമാനമുണ്ടാക്കി. ഓസ്‌കാർ മത്സ്യക്കുഞ്ഞുങ്ങളെ കൃഷിചെയ്തുനേടിയ പണത്തിനൊപ്പം മികച്ച സംരംഭകനെന്ന ആത്മവിശ്വാസവുമുണ്ട്‌. രാവിലെ എഴുന്നേറ്റാൽ ഉറങ്ങുന്നതുവരെ മത്സ്യങ്ങളോടൊപ്പമാണ്‌ ജീവിതം. ഗപ്പിക്കുഞ്ഞുങ്ങളെ കൃഷിചെയ്തിരുന്ന സോനു ആറുവർഷം മുമ്പാണ്‌ വാണിജ്യാടിസ്ഥാനത്തിൽ ഓസ്‌കാർ മത്സ്യകൃഷി ആരംഭിച്ചത്‌. കോവിഡാനന്തരം ഗപ്പിക്കുഞ്ഞുങ്ങൾക്ക് വിപണിയിലുണ്ടായ ഇടിവാണ് ഓസ്‌കാറിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. ഇവയിൽ തന്നെ ആൽബിനോ ടൈഗർ, ഫയർറെഡ്, ബ്ലാക്ക് ടൈഗർ, കോപ്പർ എന്നീ നാലിനങ്ങൾ കൃഷിചെയ്യുന്നു. പുഴയ്‌ക്കും കടലിനും മധ്യേയുള്ള പ്രദേശമായതിനാൽ മത്സ്യങ്ങളുടെ വളർച്ചയ്‌ക്കും ഗുണകരമായി. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് ഓസ്‌കാറിന്റെ പ്രജനനകാലം. ഒരു കുഞ്ഞിന് 20 രൂപ വരെ വിലയുണ്ട്. തെള്ളിച്ചെമ്മീനാണ് നാലുമാസം പ്രായത്തിലുള്ള ഓസ്‌കാറിന്റെ തീറ്റ. ഇത്‌ നിറവും ആരോഗ്യവും വർധിപ്പിക്കും. പെല്ലറ്റും തീറ്റയായി നൽകും. സോനു തന്നെ വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ ഹാച്ചറി ടാങ്കുകളിലാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. ഓസ്‌കാറിനൊപ്പം ക്രെ ഫിഷ്, ബ്ലാക്ക് ഗോസ്റ്റ്, ഡിസ്‌കസ്, ഏയ്‌ഞ്ചൽ, ഗപ്പി, പോളാർ വൈറ്റ് എന്നിവയും വളർത്തുന്നുണ്ട്. ചെലവേറെയുള്ള ബ്ലാക്ക് ഗോസ്റ്റ് സോനുവിന്റെ ടാങ്കുകളിലെ റാണികളാണ്. അലങ്കാര മത്സ്യങ്ങളോടുള്ള ഇഷ്ടമാണ്‌ പ്ലംബിങ്‌ തൊഴിലാളിയായിരുന്ന സോനുവിനെ മത്സ്യകൃഷിയിലേക്ക്‌ എത്തിച്ചത്‌. അലങ്കാരമത്സ്യകൃഷി കർഷകർക്കായി നബാർഡ് പിന്തുണയോടെ രൂപീകരിച്ച ഫ്രാങ്ക് എന്ന സംഘടനയുടെ എക്‌സിക്യുട്ടിവ് കമ്മിറ്റിയംഗമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home