print edition ഏക ജീവിതാനശ്വര ഗാനം

ദേവീക്ഷേത്രനടയിൽ എന്ന ഗാനത്തിന്റെ റെക്കോഡിങ്ങിനിടെ കണ്ണൂർ രാജനും യേശുദാസിനുമൊപ്പം(ഇരിക്കുന്നവർ) പരത്തുള്ളി രവീന്ദ്രൻ (വലത്തേയറ്റം)

ഭാനുപ്രകാശ്
Published on Sep 20, 2026, 01:30 AM | 6 min read
നിമയിൽ പേര് തെളിയുകയെന്ന വലിയ സ്വപ്‌നവുമായിത്തന്നെയാണ് സാലിഗ്രാമത്തിലെ ഭരണി സ്റ്റുഡിയോയുടെ പടികൾ ആ ചെറുപ്പക്കാരൻ കയറിയത്. ഉള്ളിൽ വിറയലുമായി. പക്ഷേ, റെക്കോഡിങ് റൂമിന്റെ വാതിൽ തുറന്നപ്പോൾ കാത്തിരുന്നത് വലിയ വിസ്‌മയം. താൻ ആരാധിക്കുന്ന മഹാഗായകൻ മുന്നിൽ– കെ ജെ യേശുദാസ്. അരികിൽ സംഗീതസംവിധായകൻ കണ്ണൂർ രാജൻ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷം.
‘പല്ലവി' എന്ന സിനിമയ്‌ക്കായി പാടാൻ പോകുന്ന വരികൾ യേശുദാസ് സ്വന്തം കൈപ്പടയിൽ പകർത്തിയെടുത്തു. പിന്നെ പാടി.
‘‘ദേവീ ക്ഷേത്രനടയിൽ
ദീപാരാധന വേളയിൽ
ദീപസ്‌തംഭം തെളിയിച്ചുനിൽക്കും
ദേവികേ നീയൊരു കവിത...
ത്രിസന്ധ്യയെഴുതിയ കവിത...''
വാക്കുകൾ സംഗീതമായി ഒഴുകി. നാലുതവണ പാടിയശേഷം യേശുദാസ് കസേരയിൽ വന്നിരുന്നു.
‘‘ഹൗ സ്വീറ്റ്...’’
‘‘എത്ര ലളിതവും മനോഹരവുമായ വരികളാണ്. ഇത്രയും സുന്ദരമായ ഗാനം അടുത്തകാലത്തൊന്നും പാടിയിട്ടില്ല.’’
പിന്നെ യേശുദാസ് അന്വേഷിച്ചു: ‘‘ഈ പാട്ടെഴുതിയത് ആരാണ്?’’ സംവിധായകൻ ബാലകൃഷ്ണൻ പൊറ്റക്കാട്, തന്റെ പിറകിൽ ആദരവോടെനിന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു: ‘‘പരത്തുള്ളി രവീന്ദ്രൻ.’’ ചെറുപ്പക്കാരനെ അരികിൽ വിളിച്ച് യേശുദാസ് സംസാരിച്ചു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഗാനരചയിതാവിന് അതിനേക്കാൾ വലിയ ആദ്യ അംഗീകാരം വേറെന്ത്.
സിനിമയുടെ ലോകം വിചിത്രമാണ്. ഒരുനിമിഷംകൊണ്ട് ഒരാളുടെ പേര് വെള്ളിത്തിരയിൽ തെളിക്കും. അടുത്ത നിമിഷം മറഞ്ഞുപോകും. പരത്തുള്ളി രവീന്ദ്രന്റെ പേരും അങ്ങനെ ഒരിക്കൽമാത്രം വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. പക്ഷേ, ആ പേര് മറഞ്ഞില്ല. കാരണം അതിനുനിദാനമായ പാട്ടുണ്ടായിരുന്നു. ‘‘ദേവീ ക്ഷേത്രനടയിൽ...’’
സിനിമയുടെ ടൈറ്റിൽ കാർഡ് കാലം മായ്ച്ചു. പാട്ടിനെ കാലത്തിന് മായ്‌ക്കാനായില്ല. ആ വരികൾ തലമുറ ഏറ്റുപാടി. സിനിമയുടെ ഓർമ മങ്ങിപ്പോയപ്പോഴും ആ ഗാനം വെളിച്ചത്തിൽനിന്നു. സിനിമാഗാനത്തിന്റെ കഥമാത്രമല്ല ഇത്. പേര് മറന്നുപോയാലും സ്വന്തം വരികൾ മനുഷ്യരുടെ ഓർമയിൽ ബാക്കിവച്ച എഴുത്തുകാരന്റെ കഥകൂടിയാണ്.
ആരാണ് പരത്തുള്ളി രവീന്ദ്രൻ?
കഥയും കവിതയും നാടകവും പാട്ടും അഭിനയവുമൊക്കെ നിറഞ്ഞുനിന്ന കലാജീവിതമാണ് പരത്തുള്ളി രവീന്ദ്രന്റേത്. പക്ഷേ, അതിനേക്കാൾ വലിയ കഥ ആ കലാജീവിതത്തിനുപിന്നിലുണ്ട്. വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും ഭീതിയുടെയും അവഗണനയുടെയും പൊള്ളുന്ന അനുഭവങ്ങൾ നിറഞ്ഞ ബാല്യം. മലപ്പുറം എടപ്പാളിലെ കാലടിത്തറയിലെ പഴയ നായർ കുടുംബം. ഗോവിന്ദ മേനോന്റെയും കുഞ്ഞിലക്ഷ്‌മി അമ്മയുടെയും ഏകമകൻ രവീന്ദ്രൻ.
‘‘പരത്തുള്ളി എന്റെ തറവാട്ടുപേരാണ്. പല താവഴികളുള്ള കുടുംബം. അമ്മാവന്റെ കാൽപ്പെരുമാറ്റം കേൾക്കുമ്പോൾത്തന്നെ ഭയക്കുന്ന ഒരന്തരീക്ഷത്തിലാണ് ഞാനും അമ്മയും കഴിഞ്ഞത്. ദാരിദ്ര്യവും കൂട്ട്. വയറുനിറയെ ആഹാരം കഴിക്കണമെങ്കിൽ അച്ഛന്റെ വീട്ടിൽ പോകണം. അവിടെ ചെന്നാൽ കഞ്ഞിയും മാമ്പഴവുമൊക്കെ കിട്ടും.’’
കുത്തുവാക്കുകൾ സഹിക്കാനാകാതെ ഏഴുവയസ്സുള്ള കുട്ടി അമ്മാവന്റെ വീടുവിട്ടിറങ്ങി. പൊന്നാനിയിൽ അച്ഛന്റെ സുഹൃത്ത് കണ്ടെത്തി തിരികെകൊണ്ടുവന്നു. സംഭവമറിഞ്ഞ അച്ഛൻ പിന്നീട് അമ്മാവന്റെ വീട്ടിൽ താമസിപ്പിച്ചില്ല. അമ്മയോടൊപ്പം ജീവിതം അച്ഛന്റെ വീട്ടിലായി.
‘‘ബാല്യത്തിലെ തിക്താനുഭവങ്ങളാകാം എന്നെ കവിതയിലേക്കും സംഗീതത്തിലേക്കും നയിച്ചത്.
ഒന്പതാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അച്ഛൻ പോയപ്പോൾ വല്ലാത്ത ശൂന്യതയായിരുന്നു.’’ കഷ്‌ടപ്പെട്ട് പഠിച്ചു. രണ്ടുതവണ എഴുതേണ്ടിവന്നുവെങ്കിലും പത്താംക്ലാസ് പാസായി. പിന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ. പല ജോലികൾ. ചിട്ടിക്കമ്പനിയിലെ കണക്കപ്പിള്ളയുടെ റോൾവരെയായി. അപ്പോഴും പാട്ടിനോടും സംഗീതത്തോടും വല്ലാത്ത കമ്പമായിരുന്നു.
വഴിതിരിച്ച മഹാകവി
എഴുത്തിന്റെ വഴിയിൽ രവീന്ദ്രൻ പതുക്കെ നടന്നുതുടങ്ങിയ കാലം. കഥയായാലും കവിതയായാലും നാടകമായാലും എഴുതുന്നതെന്തും കവിയും അധ്യാപകനുമായ പി എം പള്ളിപ്പാടിനെ കാണിക്കും. പള്ളിപ്പാട് പരമേശ്വരൻ മൂസ്സത് പിഴവുകൾ ചൂണ്ടിക്കാണിച്ചും തിരുത്തൽ നിർദേശിച്ചും വഴികാട്ടികളിലൊരാളായി. ‘ഉണങ്ങാച്ചോറും തൈരും' എന്ന കഥ രവീന്ദ്രൻ അദ്ദേഹത്തെ കാണിച്ചു.
പള്ളിപ്പാട് കഥ വായിച്ചശേഷം പറഞ്ഞു: ‘‘രവീ... ഇത് കേമപ്പെട്ട ഒന്നാണ്. താൻ അക്കിത്തത്തെ ഒന്നുപോയി കാണൂ. ഞാൻ ഒരെഴുത്ത് തരാം.’’
അക്കിത്തത്തെ കണ്ടു. അദ്ദേഹം കഥ വാങ്ങിവച്ചു.
‘‘രണ്ടുദിവസം കഴിഞ്ഞ് വരൂ’’
വീണ്ടും അക്കിത്തത്തിന്റെ മുന്നിലെത്തിയപ്പോൾ മഹാകവി പറഞ്ഞു:
‘‘രവിയുടെ കഥ ഞാൻ ആകാശവാണിക്ക് കൊടുത്തിട്ടുണ്ട്. ഉടനെ വരും. ഇനിയും ധാരാളം എഴുതണം. ഇയാൾക്ക് എഴുത്തിൽ നല്ലൊരു ഭാവിയുണ്ട്.’’ ആ വാക്കുകൾ വഴിത്തിരിവായി. എഴുത്ത് തുടരാനുള്ള ആത്മവിശ്വാസം. ആകാശവാണി കഥ പ്രക്ഷേപണം ചെയ്‌തു. പലരും അഭിനന്ദിച്ചു.
‘‘എഴുത്തുകാരനായി നിലനിൽക്കാമെന്ന ആത്മവിശ്വാസം പകർന്നുതന്നത് പള്ളിപ്പാട് മാഷും മഹാകവി അക്കിത്തവുമാണ്. ഒരുപക്ഷേ, ഇവർ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ചിട്ടിക്കമ്പനിയിലെ കണക്കപ്പിള്ളയായി ഒടുങ്ങുമായിരുന്നു.’’
കെ സി മുഹമ്മദ് എന്ന മനുഷ്യൻ
ചിട്ടിക്കമ്പനിയിലെ ജോലിക്കാലത്തിനും ഏറെ മുമ്പേ തുടങ്ങിയതായിരുന്നു രവീന്ദ്രനും കെ സി മുഹമ്മദും തമ്മിലുള്ള സൗഹൃദം. ഒരേ പാത്രത്തിൽനിന്ന് ഒരുമിച്ചുണ്ണുകയും കഷ്‌ടപ്പാടുകൾ പങ്കുവയ്‌ക്കുകയും ചെയ്‌ത സുഹൃത്ത്. ‘‘വിവാഹം കഴിക്കാൻ തീരുമാനിച്ച കാര്യം ഞാൻ ആദ്യം പറയുന്നത് കെ സിയോടാണ്. ‘നമുക്ക് ഗംഭീരമായി നടത്താം' എന്നായിരുന്നു മറുപടി. പക്ഷേ, താലി വാങ്ങാനുള്ള പണംപോലും കൈയിലുണ്ടായിരുന്നില്ല. രവീന്ദ്രനെ കെ സി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഭാര്യയുടെ കാതിലിട്ടതിൽനിന്ന് രണ്ടുമൂന്ന് ചിറ്റുകൾ മുറിച്ചെടുത്ത് കൈയിൽ വച്ചുകൊടുത്തു. ‘‘ഇത് കൊണ്ടുപോയി ഏതെങ്കിലും തട്ടാനെ ഏൽപ്പിച്ച് താലിയുണ്ടാക്കിക്കോ.’’ രവീന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു. കെ സി പറഞ്ഞു: ‘‘രവി പൊയ്‌ക്കോ... കല്യാണത്തിന് രണ്ടുദിവസമല്ലേയുള്ളൂ. താലി ഞാൻ കൊണ്ടുവരാം.’’ കല്യാണദിവസം വീട്ടിൽനിന്ന് ഇറങ്ങുംവരെ കെ സി എത്തിയില്ല.
ബസ് കയറാൻ പോകുമ്പോഴാണ് കള്ളിമുണ്ടും ബനിയനും ധരിച്ച കെ സിയെ ബസ് സ്റ്റോപ്പിൽ കണ്ടത്. മടിയിൽനിന്ന് താലിയെടുത്ത് കൈയിൽ വച്ചുകൊടുത്തു. പിന്നീടാണ് അറിഞ്ഞത് തലേന്ന് രാത്രി മുഴുവൻ തട്ടാന്റെ വീട്ടിലിരുന്ന് താലി പണിയിച്ചശേഷമാണ് കെ സി മടങ്ങിയതെന്ന്.
‘‘ഈ അനുഭവത്തിൽനിന്നാണ് ‘പല്ലവി’ സിനിമയുടെ ത്രെഡ് കണ്ടെത്തുന്നത്. ആ കഥ കെ സിയുടെ ജീവിതത്തിൽനിന്നാണ്.’’
പിന്നീട് പല്ലവിയുടെ സ്‌ക്രിപ്റ്റ് നടൻ സോമന്റെ മുന്നിലിരുന്ന് വായിക്കുമ്പോഴും രവീന്ദ്രന്റെ മനസ്സിൽ കെ സിമാത്രമായിരുന്നു. സുഹൃത്തിന്റെ ജീവിതം സിനിമയുടെ കഥയായി.
‘ദേവീ ക്ഷേത്രനടയിൽ...'
വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്ന രവീന്ദ്രന്റെ മനസ്സിൽ, വർഷങ്ങൾ കടന്നുപോകുന്നതിനിടെ ഗാനത്തിന്റെ പല്ലവി രൂപംകൊണ്ടു. ക്ഷേത്രം, ദീപസ്‌തംഭം, വയൽ, കുന്ന്, സന്ധ്യ ഈ ദൃശ്യങ്ങൾ വാക്കുകളായി. പിന്നീടതൊരു പാട്ടായി.
‘‘ദേവീ ക്ഷേത്രനടയിൽ...’’
‘‘ഞാനെഴുതിയ പാട്ട് സിനിമയിൽ വരണമെന്നത് എന്റെ സ്വപ്‌നമായിരുന്നു.’’
കെ സി മുഹമ്മദിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എഴുതിയ കഥ സിനിമയാക്കാൻ ടി പി ഹരിദാസും ബാലകൃഷ്‌ണൻ പൊറ്റക്കാടും തീരുമാനിച്ചതോടെ ആ സ്വപ്‌നത്തിന് രൂപംകിട്ടി. കഥ മാത്രമല്ല, തിരക്കഥയും സംഭാഷണവും രവീന്ദ്രൻതന്നെയാണ് എഴുതിയത്. സോമനും ജയഭാരതിയും വിൻസെന്റുമായിരുന്നു പ്രധാന അഭിനേതാക്കൾ.
കണ്ണൂർ രാജനൊപ്പം ചെന്നൈയിൽ ചെലവഴിച്ച രണ്ടുമാസം ഓർമയിൽ മായാതെ നിൽക്കുന്നു. ‘‘ഇടയ്ക്കെപ്പോഴെങ്കിലും പാട്ടിന്റെ വരികൾ പറയും. രാജേട്ടൻ അത് കേൾക്കും. പിന്നെ അതിന് മനോഹരമായ ഈണം നൽകും.’’ പല്ലവിക്കുവേണ്ടി യേശുദാസ് പാടിയ ‘‘ദേവീ ക്ഷേത്രനടയിൽ...’’ കൂടാതെ അദ്ദേഹംതന്നെ പാടിയ ‘‘കിനാവിന്റെ കടവിൽ ഇളനീർ...’’ എന്ന ഗാനവും മാധുരിയും സംഘവും പാടിയ ‘‘കിളിക്കൊത്ത കവിളുള്ള...’’ എന്ന ഒപ്പനപ്പാട്ടും രവീന്ദ്രൻ എഴുതി. അദ്ദേഹത്തിനിമ്പം ‘‘കിനാവിന്റെ കടവിൽ ഇളനീർ...’’ ആയിരുന്നു. പക്ഷേ, പ്രേക്ഷകർ ഏറ്റെടുത്തത്
‘‘ദേവീ ക്ഷേത്രനടയിൽ...’’ വിൻസെന്റും ജയഭാരതിയും അഭിനയിച്ച രംഗം പല്ലവിയുടെ ഓർമയിൽ വേറിട്ടുനിന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള തന്റെ സിനിമ പൊന്നാനിയിലെ അലങ്കാർ തിയറ്ററിലാണ് രവീന്ദ്രൻ കാണുന്നത്. ഒരു നിമിഷം ആ പേര് വെള്ളിത്തിരയിൽ തെളിഞ്ഞു. പരത്തുള്ളി രവീന്ദ്രൻ. ആ സ്വപ്‌നം അന്ന് യാഥാർഥ്യമായി.
‘‘ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. പക്ഷേ, സോമന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. എനിക്ക് ലഭിച്ചത് മറ്റൊരു അംഗീകാരമായിരുന്നു. എന്റെ പാട്ട് മലയാളം ഏറ്റെടുത്തു.’’ പക്ഷേ, ആ പേര് പിന്നീടൊരിക്കലും വെള്ളിത്തിരയിൽ തെളിഞ്ഞില്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് രവീന്ദ്രൻ മനസ്സിലാക്കിയത് കുറെക്കാലം കഴിഞ്ഞാണ്.
നിഷേധിയായ എഴുത്തുകാരൻ
‘ദേവീ ക്ഷേത്രനടയിൽ...' റെക്കോഡിങ് നടക്കുമ്പോഴാണ് കണ്ണൂർ രാജൻ നിർദേശംവയ്‌ക്കുന്നത്. ‘‘ആലിലത്തട്ടിലൊരായിരം പൂവുമായ്
ആരാധനയ്‌ക്കായ് വന്നവളേ...
അതിലൊരു തുളസിക്കതിർ നിന്റെ മുടിയിൽ
അറിയാതെ ഞാനൊന്നണിയിക്കട്ടെ...’’
അനുപല്ലവിയിലെ വരികളാണ്. ഇതിൽ ‘അണിയിക്കട്ടെ’ എന്നതിനുപകരം ‘അണിയിക്കാം’ എന്നാക്കിയാലോ എന്നായിരുന്നു നിർദേശം.
മറുപടി ഉടൻ വന്നു. ‘പറ്റില്ല.’
രവീന്ദ്രൻ പറഞ്ഞതുപോലെതന്നെ റെക്കോഡിങ് നടന്നു. എന്നാൽ, ആ ദിവസംമുതൽ, വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലാത്ത എഴുത്തുകാരനെ സിനിമ നിശ്ശബ്ദമായി ബഹിഷ്‌കരിച്ചുതുടങ്ങിയോ?
തന്റെ കടുംപിടിത്തത്തിന് രവീന്ദ്രനൊരു വിശദീകരണമുണ്ട്.
‘‘അണിയിക്കട്ടെ എന്ന വാക്ക് അണിയിക്കാം എന്നാക്കിയാൽ വരികളുടെ മനോഹാരിത നഷ്‌ടപ്പെടും. അണിയിക്കാം എന്നത് അധികാരസ്വരമാണ്.
അങ്ങനെ വന്നാൽ അതൊരു പീഡനപ്പാട്ടായി മാറും. ഇന്നും ആളുകൾ എന്നെ അന്വേഷിച്ചെത്തുന്നത് ആ പാട്ടിന്റെ ലാളിത്യവും ഭംഗിയുംകൊണ്ടാണ്. എന്റെ വരികളെ കീറിമുറിക്കരുതെന്ന് പറയാനുള്ള അവകാശം എനിക്കില്ലേ?’’
അത് വാക്കിനുവേണ്ടിയുള്ള വാശിയായിരുന്നില്ല. വരിയുടെ ആത്മാവിനുവേണ്ടിയുള്ള നിലപാടായിരുന്നു.
സിനിമക്കാരാരും പിന്നീട് പരത്തുള്ളി രവീന്ദ്രൻ എന്ന ഗാനരചയിതാവിനെ അന്വേഷിച്ചെത്തിയില്ല. സിനിമയ്‌ക്കുമുന്നിൽ തലകുനിച്ചുനിൽക്കാൻ രവീന്ദ്രൻ പോയതുമില്ല. സിനിമയിലേക്കുള്ള വഴി വീണ്ടും തുറക്കാൻ സ്വന്തം നിലയിൽ ശ്രമിച്ചു. രവീന്ദ്രൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ ‘ചുണക്കുട്ടികൾ' സിനിമയാക്കുന്നതിനെക്കുറിച്ച് ഐ വി ശശിയുമായി കൂടിക്കാഴ്ച നടത്തി. ശശി വലിയ പ്രതീക്ഷ നൽകി.
ജയന്റെ മരണവും മമ്മൂട്ടിയുടെ വരവും
കോഴിക്കോട് മഹാറാണി ഹോട്ടലിലെ സ്ഥിരം മുറിയിലിരുന്നാണ് ‘ചുണക്കുട്ടികൾ' എന്ന കഥ ഐ വി ശശി കേട്ടത്.
‘‘നമുക്ക് ഈ പടം ജയനെ വച്ച് ചെയ്യാം.’’ രവീന്ദ്രന് പെട്ടെന്ന് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല. ഐ വി ശശിയും ജയനും ഒന്നിക്കുന്ന സിനിമ സൂപ്പർഹിറ്റാകുമെന്ന വിശ്വാസം നിലനിന്നിരുന്ന കാലം. തന്റെ സിനിമാസ്വപ്‌നം പരമോന്നതിയിലെത്തിയെന്ന വിശ്വാസത്തോടെ രവീന്ദ്രൻ മഹാറാണിയിൽനിന്നിറങ്ങി.
പക്ഷേ, നാലാംനാൾ പുലരുമ്പോൾ കേട്ടത് ഷൂട്ടിങ്ങിനിടെ ജയൻ മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്തയായിരുന്നു. നടന്റെ മരണം മാത്രമായിരുന്നില്ല അത്. ഐ വി ശശിയും പിന്നീട് താൽപ്പര്യം കാണിച്ചില്ല. ദേവനെ നായകനാക്കി ചിത്രം ചെയ്യാനുള്ള ആലോചനയുണ്ടായി. സ്ക്രിപ്റ്റ് വായിച്ച ദേവൻ പറഞ്ഞു: ‘‘ഇതിൽ നായകനാകാൻ ഏറ്റവും യോജിക്കുന്നത് മമ്മൂട്ടിയാണ്.
നിങ്ങൾ അദ്ദേഹവുമായി സംസാരിക്കൂ. സെക്കൻഡ് ഹീറോ ഞാനാകാം.’’ മഞ്ചേരിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന കാലത്ത് പാടിനടന്ന ‘ദേവീ ക്ഷേത്രനടയിൽ' എന്ന ഗാനത്തിന്റെ രചയിതാവിനെ മമ്മൂട്ടി ഹൃദയപൂർവം സ്വീകരിച്ചു. മമ്മൂട്ടി ചോദിച്ചു:
‘‘എന്തുകൊണ്ടാണ് പിന്നീട് സിനിമയിൽ പാട്ടെഴുതാഞ്ഞത്’’
‘‘ആരും വിളിച്ചില്ല’’ മമ്മൂട്ടി കൂട്ടിച്ചേർത്തു: ‘‘അതാണ് സിനിമ.
നാളെ മമ്മൂട്ടിയെ വേണ്ടെന്നുവച്ചാൽ ഞാനും മറ്റു മാർഗം തേടണം.’’നിള പിക്ചേഴ്സിന്റെ ബാനറിൽ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രമായി ‘ചുണക്കുട്ടികളു’ടെ അറിയിപ്പ് വന്നു. രവീന്ദ്രന്റെ ഗാനങ്ങൾക്ക് സംഗീതം കെ പി ഉദയഭാനു. യേശുദാസും എസ് ജാനകി ദേവിയുമായിരുന്നു ഗായകർ. റെക്കോഡിങ് നടന്നു. പക്ഷേ, ചിത്രീകരണം മുന്നോട്ടുപോയില്ല.
‘‘അതിൽപ്പിന്നെ ഞാൻ സിനിമാസ്വപ്നങ്ങൾ അവസാനിപ്പിച്ചു. നാടകങ്ങൾ എഴുതിയും പാട്ടെഴുതിയുമൊക്കെ ജീവിതം മുന്നോട്ടുകൊണ്ടുപോയി.’’ഇന്നും ആരെങ്കിലും പാട്ടെഴുതാൻ വിളിച്ചാൽ തയ്യാറാണ്. ഭാവനയും പദസമ്പത്തും വിട്ടുപോയിട്ടില്ല. സിനിമാസ്വപ്നത്തിന്റെ വാതിൽ അടച്ചിട്ടുമില്ല.
തുടരുന്ന ആത്മഗാനം
82 വർഷത്തെ ജീവിതത്തിൽ പരത്തുള്ളി രവീന്ദ്രന്റെ സമ്പാദ്യമെന്ന് പറയാനുള്ളത് കുടുംബമാണ്. പിന്നെ പാട്ടുകളും. ഭാര്യ ചന്ദ്രികയും മക്കൾ രാജീവും മഞ്ജുളയും പ്രസൂണും കരുത്തായി ഒപ്പമുണ്ട്. രണ്ടുവർഷം മുമ്പുണ്ടായ സ്ട്രോക്ക് കാരണം യാത്രകളില്ല. കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമല്ലാതെ വലിയ അംഗീകാരങ്ങളൊന്നും ലഭിച്ചിട്ടില്ല. കടബാധ്യത കാരണം വീടുപണി പൂർത്തിയാക്കാനാകാതെ കോഴിക്കോട് രാമനാട്ടുകരയ്ക്കടുത്ത് കൈതക്കുണ്ടയിലെ വാടകവീട്ടിലാണ് താമസം.










0 comments