ad
Deshabhimani

നോവുന്ന കാഴ്‌ചയായി അച്ഛനെ തിരയുന്ന ശീതൾ

ശീതൾ
avatar
ശ്രീനിവാസൻ
 ചെറുകുളത്തൂർ

Published on Mar 13, 2026, 12:00 AM | 1 min read

കുന്നമംഗലം

കളരിക്കണ്ടി ഏറോച്ചുടലയിൽ ശീതൾബാബു (15)വിന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ തിരയുന്നത് അച്ഛന്റെ മുഖമാണ്. രാത്രി സ്കൂട്ടറിന്റെ വെളിച്ചം ജനാലയുടെ ഗ്ലാസിൽ പതിയുമ്പോഴേക്കും ശീതൾ ഇഴഞ്ഞ് വാതിലിനടുത്തെത്തും. അച്ഛനല്ലെന്ന്‌ അറിയുന്പോൾ ആ കുഞ്ഞുമുഖത്ത് നിരാശ ബാക്കിയാവും. ഉത്സവ സ്ഥലത്ത് മർദനമേറ്റ് മരിച്ച ബാബുവിന്റെ രണ്ടാമത്തെ മകളാണ് ശീതൾ ബാബു. ഓട്ടിസം ബാധിച്ച് സംസാരശേഷിയും കേൾവിശക്തിയുമില്ലാതെ ഇഴഞ്ഞുനീങ്ങുന്ന ഇ‍ൗ കുഞ്ഞ്‌ നോവുന്ന കാഴ്‌ചയാണ്‌. ബാബുവിനെ സഹോദരീ ഭർത്താവായ ശശീന്ദ്രൻ 5000 രൂപ ക്വട്ടേഷൻ നൽകിയാണ് വകവരുത്തിയത്. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ഓട്ടോ വർക്ക്ഷോപ്പിലെ ജോലി കഴിഞ്ഞ് ബാബു രാത്രി വീട്ടിലെത്തുമ്പോൾ ശീതളിനായി ഒരു പൊതിയുണ്ടാവും. എത്ര വൈകിയാലും അച്ഛനെ കാത്തിരിക്കും. വീട്ടിലെ ടിവി കേടായതിനാൽ ഫോണിൽ കാഴ്‌ച കണ്ട്‌ അച്ഛനോടൊപ്പമാണ്‌ ഉറക്കം. മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ശീതളിനെ ഒരു ദിവസം സ്‌കൂളിൽ അയക്കാൻ ഓട്ടോക്ക് 700 രൂപ ചെലവ് വരും. ഇത് താങ്ങാൻ കുടുംബത്തിനാകില്ല. ഉറക്കം കുറഞ്ഞാൽ അപസ്മാരവും വരും. ശശീന്ദ്രന്റെ ഒടുങ്ങാത്ത പകയാണ് ശീതളിനെ അനാഥയാക്കിയത്. സംഭവദിവസം ശനിയാഴ്ച പുലർച്ചെ ഉത്സവസ്ഥലത്തുനിന്ന് ചോറ്‌ കൊണ്ടുവന്ന പാത്രം തിരിച്ചുകൊടുത്തിട്ട് വരാമെന്ന് പറഞ്ഞാണ്‌ ബാബു പോയത്‌. നേരം പുലരാറായപ്പോൾ വീണ്ടും വീട്ടിലെത്തി കിടന്നുറങ്ങി. പകൽ പതിനൊന്നരയോടെ ഭാര്യ വിളിച്ചപ്പോൾ അനക്കമുണ്ടായിരുന്നില്ല. കണ്ണ് കറുപ്പ് നിറമായിരുന്നു. മുഖം വീങ്ങി തുടുത്തിരുന്നു. ഭയന്നുപോയ ഭാര്യ അഖില കരഞ്ഞുകൊണ്ട് പുറത്തേക്കോടി. സമീപത്തുള്ളവർ എത്തി ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ബാബുവും സഹോദരീ ഭർത്താവ്‌ ശശീന്ദ്രനും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മറ്റൊരു മകൾ ശലഭ പ്ലസ്‌ വൺ വിദ്യാർഥിയാണ്‌. ബാബുവിന്റെ മരണത്തോടെ ഇ‍ൗ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതവും ശീതളിന്റെ ചികിത്സയും പഠനവുമെല്ലാം പ്രതിസന്ധിയിലായി. അഖില ഡിവൈഎഫ്ഐ കളരിക്കണ്ടി യൂണിറ്റ് പ്രസിഡന്റും മകൾ ശലഭ ബാബു എസ്എഫ്ഐ കളരിക്കണ്ടി ലോക്കൽ കമ്മിറ്റി അംഗവുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home