അലകടലായി വിദ്യാർഥികൾ
സമരസജ്ജം


അജ്‌നാസ് അഹമ്മദ്
Published on Jul 01, 2025, 02:00 AM | 1 min read
കെ വി സുധീഷ് നഗർ (കോഴിക്കോട്)
കാർമേഘങ്ങൾക്കുമേൽ വിദ്യാർഥി സമരജ്വാല മഹാപ്രകടനമായി ഒഴുകി. മുദ്രാവാക്യങ്ങൾ ഇടിമുഴക്കമായി പെയ്‌തു. സമരയൗവന സംഗമത്തിൽ അറബിക്കടലിനെ വെല്ലുന്ന വിദ്യാർഥികളുടെ ആവേശത്തിരയിളക്കത്തിൽ നഗരം പ്രകമ്പനംകൊണ്ടു. രാജ്യം പ്രതീക്ഷയിൽ ഉറ്റുനോക്കുന്ന പുതിയ പോരാട്ടങ്ങൾ നയിക്കാൻ രാകിമിനുക്കിയ എസ്‌എഫ്‌ഐ സജ്ജമെന്ന് പ്രഖ്യാപിച്ച് കാൽ ലക്ഷത്തോളം വിദ്യാർഥികൾ അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രകടനത്തിൽ അണിനിരന്നു. നാലുദിവസം നീണ്ട സമ്മേളനത്തിന് സമാപനംകുറിച്ച് മലബാർ ക്രിസ്ത്യൻ കോളേജിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ കശ്‌മീർ മുതൽ കന്യാകുമാരി വരെയുള്ള വിദ്യാർഥികളുടെ ഹൃദയവികാരങ്ങൾ ഉയർത്തിയെത്തിയ പോരാളികൾ അണിനിരന്നു. കളരിപ്പയറ്റ് പ്രദർശനവും ബാൻഡ് മേളവും അകമ്പടിയേകി. കണ്ണെത്താദൂരംനീണ്ട ശുഭ്രപതാകകളും ആകാശം നിറഞ്ഞ ബാനറുകളും വർണബലൂണുകളും പ്രകടനത്തിന് മിഴിവേകി. 18–-ാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗങ്ങളാണ് മുൻനിരയിൽ നയിച്ചത്. 517 പ്രതിനിധികളും 198 നിരീക്ഷകരും നേതൃത്വത്തിന് പിന്നിലായി അണിനിരന്നു. കോഴിക്കോട് ജില്ലയിൽനിന്നുള്ള വിദ്യാർഥികൾ ഏരിയാ കമ്മിറ്റികളുടെ ബാനറിന് കീഴിൽ പ്രകടനം കൊഴുപ്പിച്ചു. തൊഴിലാളികളും മഹിളകളും യുവജനങ്ങളും അധ്യാപകരും ജീവനക്കാരും ഉൾപ്പെടെയുള്ള ബഹുജനങ്ങൾ പാതയോരങ്ങളിൽ അഭിവാദ്യം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പൊതുസമ്മേളനത്തിൽ വിദ്യാർഥികൾക്കുപുറമെ മുൻ എസ്‌എഫ്‌ഐ പ്രവർത്തകരും പൊതുജനങ്ങളും തീരാത്ത ആവേശവുമായി ഒഴുകിയെത്തി. പൊതുസമ്മേളനത്തിൽ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി അധ്യക്ഷനായി. ജോ. സെക്രട്ടറിമാരായ ഐഷി ഘോഷ്, സത്യേഷ ലെയുവ, മുൻ അഖിലേന്ത്യാ പ്രസിഡന്റുമാരായ ആർ അരുൺകുമാർ, വി പി സാനു, മുൻ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, മേയർമാരായ ബീന ഫിലിപ്പ്, ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസ്, ട്രഷറർ എം മെഹബൂബ് എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് ഉപഹാരം കൈമാറി.









0 comments