എന്തൊരു കുരുക്ക്, എങ്ങനെ കടക്കും

കോഴിക്കോട്
ഓണം എത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റോഡുകളിൽ വാഹനത്തിരക്ക് ഉയർന്നതോടെ ആംബുലൻസ് ഉൾപ്പെടെയുള്ളവ ബ്ലോക്കിൽ കുടുങ്ങുകന്നത് പതിവാകുന്നു. ഇത് അത്യാവശ്യ യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കുകയാണ്. തൊണ്ടയാട്, മലാപ്പറമ്പ്, എരഞ്ഞിപ്പാലം, കാരപ്പറമ്പ്, മാങ്കാവ്, മാവൂർ റോഡ്, റെയിൽവേ സ്‌റ്റേഷൻ, പാളയം തുടങ്ങിയ ഇടങ്ങളിലാണ് കുരുക്ക് രൂക്ഷമാകുന്നത്. ഓണമാകുന്നതോടെ കുരുക്ക് ഇതിലും ദുരിതമാകും. ഇൗ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും കർശന പരിശോധനകൾ നടത്തുമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ ഉദ്യോഗസ്ഥരെ ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിക്കും. വർധിക്കുന്ന റോഡ് അപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് വാർഡൻമാരെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നെങ്കിലും ഇതും പൂർണ പരിഹാരമല്ല. പരിശീലനം നേടിയ 70–ഓളം ട്രാഫിക് വാര്‍ഡന്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. നഗരത്തിലെത്തുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ വൺവേ നിയന്ത്രണങ്ങൾ പാലിക്കാത്തതും അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. നഗരത്തിൽ വിവിധയിടങ്ങളിൽ പേ ആൻഡ് പാർക്കിങ് സൗകര്യമുണ്ടെങ്കിലും ഇതുപയോഗിക്കാൻ വാഹനമുടമകൾ തയ്യാറാകുന്നില്ല. റോഡിന് ഇരുവശവും നിർത്തിയിടുന്നതിനാൽ പലപ്പോഴും മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്. പല റോഡുകളിലും ഫ്രീ ലെഫ്റ്റ് ആണെങ്കിലും വാഹനങ്ങൾ റോഡ് ബ്ലോക്കാക്കി നിർത്തിയിടുന്നതും കുരുക്കിന്റെ വ്യാപ്‌തി ഉയർത്തുന്നു. ഇത്തരം ട്രാഫിക് ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയതുപോലെ ഒറ്റയാത്രക്കാരുള്ള സ്വകാര്യ കാറുകൾക്ക് നഗരത്തിൽ താൽക്കാലിയ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്.










0 comments