ad
Deshabhimani

മിഴി തുറന്നൂ

ശാസ്ത്രലോകം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ ഭാഗമായി നടന്ന സയൻസ് പാർലമെന്റ് സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ഉദ്ഘാടനം ചെയ്യുന്നു

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിന്റെ ഭാഗമായി നടന്ന സയൻസ് പാർലമെന്റ് സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി സാമുവൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 13, 2025, 01:40 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട്‌ ‘ചില മൃഗങ്ങൾ പ്രകൃതിദുരന്തം മുൻകൂട്ടി കണ്ട്‌ പ്രതികരിക്കാറില്ലേ, അതെങ്ങനെയെന്ന്‌ കണ്ടുപിടിച്ച്‌, അത്തരം സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കാൻ ആവില്ലേ?... ’ സയൻസ്‌ പാർലമെന്റിൽ ഒരു മിടുക്കന്റെ ചോദ്യമാണിത്‌. മറ്റൊരു മിടുക്കിക്ക്‌ അറിയേണ്ടത്‌, നിർമിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച്‌ ദുരന്തങ്ങൾ നേരത്തെ അറിയാവുന്ന മാർഗങ്ങൾ കണ്ടെത്തിക്കൂടെ എന്നതായിരുന്നു. പ്രപഞ്ചരഹസ്യങ്ങൾ തേടിയുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയും തിരിച്ച്‌ ചോദിച്ചും ശാസ്ത്രവിദഗ്‌ധരും അവർക്കൊപ്പം അറിവിന്റെ ക‍ൗതുകലോകം തീർത്തു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശാസ്ത്ര പാർലമെന്റ്‌’ സംവാദ പരിപാടിയാണ്‌ വിജ്ഞാനവാതിൽ തുറന്നത്‌. ശാസ്ത്രത്തിന്റെ വളർച്ച, സാമൂഹിക ജീവിതത്തിലുണ്ടാവേണ്ട ശാസ്ത്ര, പരിസ്ഥിതി അവബോധം എന്നിവയിൽ ഉ‍ൗന്നിയാണ്‌ സംവാദം നടന്നത്‌. പ്രപഞ്ചസത്യങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ആവനാഴിയിലെ അന്പുകൾ തൊടുത്ത്‌ മുന്നേറിയ ശാസ്ത്ര പാർലമെന്റ്‌, അക്ഷരമുറ്റം വേദിയെ അറിവിന്റെ വിസ്‌മയലോകമാക്കി. ചോദ്യങ്ങൾ ചോദിച്ചും ആവേശത്തോടെ ഉത്തരം നൽകിയും കുട്ടികളും ഉത്സാഹത്തിലായി. സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. മനോജ്‌ പി സാമുവൽ ഉദ്‌ഘാടനം ചെയ്തു. കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ സംബന്ധിച്ച്‌ കുട്ടികൾ അദ്ദേഹവുമായി സംവദിച്ചു. പ്രപഞ്ചം, ബഹിരാകാശം തുടങ്ങിയ വിഷയങ്ങളെ കുറിച്ച്‌ ഡോ. സാബു തോമസ്‌ സംസാരിച്ചു. ഭൂമിക്ക്‌ പുറത്തുള്ള പാർപ്പിട–വിശ്രമ കേന്ദ്രങ്ങൾ തേടുന്ന ഗവേഷണക്കുതിപ്പിലാണിപ്പോൾ ലോകമെന്ന്‌ അദ്ദേഹം പറഞ്ഞു. ശാസ്ത്രവും കപട ശാസ്ത്രവും വിഷയത്തിൽ ഡോ. പ്രസാദ്‌ അലക്‌സ്‌ സംസാരിച്ചു. ശാസ്ത്രാവബോധത്തോടെ മുന്നോട്ട്‌ പോയാലേ സമൂഹത്തിന്‌ പുരോഗതി ഉണ്ടാവൂ. പൊതുമണ്ഡലത്തിൽ നാടും സർക്കാരും ശാസ്‌ത്രത്തിലൂന്നിയുള്ള നിലപാടുകളാണ്‌ പുലർത്തേണ്ടത്‌. പ‍ൗരാണികതയിലേക്ക്‌ പോവുന്നത്‌ സമൂഹത്തെ പുറകോട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയവർക്ക്‌ സമ്മാനങ്ങളും നൽകി. ശ്രീനിവാസൻ ചെറുകുളത്തൂർ മോഡറേറ്ററായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home