സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് തുടക്കം
വിരിഞ്ഞൂ കുഞ്ഞുപൂക്കൾ... നിറഞ്ഞു വർണവസന്തം

സ്വന്തം ലേഖകൻ
കോഴിക്കോട്
മനസ്സിന്റെ ക്യാൻവാസിൽ സ്വപ്നങ്ങളുടെ വർണങ്ങൾ ചാലിച്ച് അവർ ഒരു പൂന്തോട്ടം തീർത്തു. അവിടെ വിടർന്ന പൂക്കൾക്ക് മഴവില്ലിന്റെ നിറങ്ങളായിരുന്നു. ഓരോ ഇതളിലും തെളിഞ്ഞത് നിഷ്കളങ്കമായ ഭാവനയുടെ സൗന്ദര്യം. ഭിന്നശേഷിയുടെ പരിമിതികൾക്കപ്പുറം കടലാസിൽ വിരലുകൾ ചലിച്ചപ്പോൾ ഓരോ ചിത്രവും വേറിട്ടുനിന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളുടെ ജില്ലാ കലോത്സവം "ഉത്സവി'ലാണ് ജൂനിയർ, സീനിയർ വിഭാഗം ജലഛായം മത്സരത്തിൽ "പൂന്തോട്ടം' വിഷയമായി നൽകിയത്. സീനിയർ വിഭാഗത്തിൽ പത്തും ജൂനിയർ വിഭാഗത്തിൽ ആറും കുട്ടികൾ പങ്കെടുത്തു. വെള്ളയിലെ ഹ്യുമാനിറ്റി ലൈഫ് കെയര്‍ ഹോം ഓഡിറ്റോറിയത്തിലായിരുന്നു മത്സരങ്ങൾ. പെൻസിൽ ഡ്രോയിങ്, ജലഛായം തുടങ്ങിയ ഓഫ്‌സ്‌റ്റേജ് മത്സരങ്ങളും ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം തുടങ്ങിയ സ്‌റ്റേജ് മത്സരങ്ങളും നടന്നു. 31 സ്പെഷ്യൽ സ്കൂളിൽനിന്നായി അഞ്ഞൂറോളം പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും ചേർന്നാണ് കലോത്സവം നടത്തുന്നത്. കോർപറേഷൻ സ്ഥിരം സമിതിയധ്യക്ഷ സാറാ ജാഫർ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി കെ മുഹമ്മദ് ഷരീഫ് മുഖ്യാതിഥിയായി. എൻഎസ്എസ് ട്രെയ്‌നർ ബ്രഹ്മനായകം മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി. റോഷി സ്പെഷ്യൽ സ്കൂൾ സെക്രട്ടറി പി കെ എം സിറാജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ അക്ബർ അലി ഖാൻ, ഹാഷിം കടായ്ക്കലകം, ടി പ്രഭാകരൻ, എം മൻസൂർ, ടി ഷീന, ടി രേഷ്മ തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്‌ച ബിഇഎം ഗേള്‍സ് ഹൈസ്‌കൂളിൽ മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ഉപകരണസംഗീതം, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ് മത്സരങ്ങൾ നടക്കും.









0 comments