അന്ന് ജീവന് കാവലാൾ ഇനി നാടിന്...

മനാഫ് താഴത്ത്
Published on Dec 02, 2025, 12:05 AM | 1 min read
ഫറോക്ക്
വൈദഗ്ധ്യം നേടിയ നീന്തലുകാർ പോലും ഭയപ്പെടുന്ന ചാലിയാറിന്റെ ആഴങ്ങളിലേക്ക് എടുത്തുചാടി ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവൻ രക്ഷിച്ച സന്ദേശ് ഇന്ന് പുതിയൊരു ദൗത്യത്തിലേക്ക് നീന്തിക്കയറുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ 46-ാം ഡിവിഷൻ ചെറുവണ്ണൂർ ഈസ്റ്റിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് സി സന്ദേശ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതുമുതൽ സജീവ ചർച്ചയാണ് സന്ദേശിന്റെ ജീവൻ രക്ഷാപ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും. 2019 ഏപ്രിൽ രണ്ടിന് ഫറോക്കിൽനിന്നും ബൈക്കിൽ വരുമ്പോഴായിരുന്നു ഒരാൾ പുഴയിൽ ചാടിയതായി അറിഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ കുത്തിയൊഴുകുന്ന ആഴമേറിയ പുഴയിലേക്ക് അന്നത്തെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറികൂടിയായ സന്ദേശ് എടുത്തുചാടി. മലപ്പുറം ജില്ലക്കാരനായ 43–കാരനെയാണ് രക്ഷിച്ച് മീൻപിടിത്തക്കാരുടെ തോണിയിലേക്കെത്തിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സന്ദേശിനെ അന്ന് നാടൊന്നാകെ ആദരിച്ചു. തീരുന്നില്ല യുവ സ്ഥാനാർഥിയുടെ മനുഷ്യ സ്നേഹത്തിന്റെയും സേവനത്തിന്റെയും അടയാളപ്പെടുത്തലുകൾ. ചെറുവണ്ണൂരിൽ പേവിഷബാധയേറ്റ് മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതിനും സന്ദേശിന്റെ നേതൃത്വത്തിലുള്ള ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡാണ് രംഗത്തിറങ്ങിയത്. പ്രളയകാലത്ത് ചെറുവണ്ണൂരിൽ മാത്രമല്ല ബേപ്പൂർ മണ്ഡലത്തിലാകെ നൂറുകണക്കിന് യുവാക്കളുമായി രംഗത്തിറങ്ങി രക്ഷാപ്രവർത്തനവും പിന്നീട് ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കോവിഡിൽ ഭക്ഷണവും മരുന്നും നൽകൽ മാത്രമല്ല, രാപകൽ വ്യത്യാസമില്ലാതെ ആംബുലൻസുമായി രോഗികൾക്കായി തലങ്ങും വിലങ്ങും ഓടി. സന്നദ്ധ സേവകന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കക്ഷിരാഷ്ട്രീയം മറന്നാണ് യുവജനങ്ങളും വയോധികരുമുൾപ്പെടെ രംഗത്തിറങ്ങുന്നത്. ദേശാഭിമാനി ഉൾപ്പെടെ വിവിധ പത്രങ്ങളുടെ ഏജന്റായ അച്ഛൻ ചോലക്കൽ പ്രഫുല്ലകുമാർ, അമ്മ ഗീത കുമാരി എന്നിവരുടെയും സഹോദരി കാവ്യയുടെയും പിന്തുണ കരുത്തേകുന്നു. സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി അംഗമായ സന്ദേശ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ബ്ലോക്ക് സെക്രട്ടറിയും യൂത്ത് ബ്രിഗേഡ് ജില്ലാ കോ -ഓർഡിനേറ്ററുമാണ്.










0 comments