നേരത്തെയിറങ്ങിയില്ലെങ്കിൽ പണിപാളും

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാലക്കാട്-–കണ്ണൂര്‍ എക്സ്പ്രസ്സില്‍ കയറിപ്പറ്റാനുള്ള യാത്രക്കാരുടെ ശ്രമം
കോഴിക്കോട്
കോഴിക്കോട്ടുനിന്ന് വന്ദേ ഭാരതിനും ജനശതാബ്‌ദിക്കുമൊക്കെ യാത്രചെയ്യേണ്ടവർ വീട്ടിൽനിന്ന് അൽപ്പം നേരത്തെയിറങ്ങിയില്ലെങ്കിൽ ട്രെയിൻ നഷ്‌ടമാകും. നഗരത്തിലെ ഗതാഗതക്കുരുക്കുകളഴിച്ച് സ്‌റ്റേഷനിലേക്കടുക്കുമ്പോൾ "പട പേടിച്ച് പന്തളത്തുചെന്നപ്പോൾ പന്തം കൊളുത്തിപ്പട' എന്നുപറഞ്ഞപോലെയാണ്. സ്റ്റേഷൻ നവീകരണം ഇഴഞ്ഞുനീങ്ങുന്നതാണ് പ്രതിസന്ധിക്ക് കാരണം. നഗരത്തിലെ റോഡുകളിലേതിനേക്കാൾ വലിയ ഗതാഗതക്കുരുക്കാണ് സ്‌റ്റേഷൻ പരിസരത്തെ റോഡുകളിൽ. കോർട്ട് റോഡ്, ലിങ്ക് റോഡ്, കമ്മത്ത് ലൈൻ, സ്‌റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. വന്ദേ ഭാരത്, ജനശതാബ്‌ദി തുടങ്ങിയ ട്രെയിനുകൾ സ്‌റ്റേഷനിലെത്തുന്ന സമയങ്ങളിൽ റെയിൽവേ സ്‌റ്റേഷന് സമീപത്തെ റോഡുകൾ നിശ്‌ചലമാകും. പ്രവേശിക്കാനും പുറത്തുകടക്കാനുമുള്ള വഴികൾ വാഹനങ്ങളുടെ ആധിക്യത്താൽ കുരുങ്ങും. വാഹനങ്ങൾ ക്രമംതെറ്റിക്കുന്നതും നിയന്ത്രിക്കാൻ ആളില്ലാത്തതും പ്രശ്‌നമാണ്. പാർക്കിങ്ങിന് അനുവദിച്ചിരുന്ന സ്ഥലത്തിന്റെ ഭൂരിഭാഗവും പേ പാർക്കിങ്ങിന് വിട്ടുകൊടുത്തതും തിരക്കിന് കാരണമായി. ഓഫീസുകൾ മാറ്റിയതോടെ നാലാം പ്ലാറ്റ്‌ഫോമിൽ പതിവില്ലാത്ത തിരക്കുമുണ്ട്. നവീകരണ ഭാഗമായി ഒന്നാം പ്ലാറ്റ്-ഫോം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടാത്തതും നാലാം പ്ലാറ്റ്‌ഫോമിന്റെ പ്രവേശന ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്കും തിരക്കുമുണ്ടാക്കുന്നു. വിശ്രമിക്കാനും ഇടമില്ല നവീകരണത്തിന്റെ ഭാഗമായി വിശ്രമ ഹാളുകൾ അടച്ചതോടെ യാത്രക്കാർക്ക് ഇരിക്കാൻ ഇടമില്ലാതായി. ഒന്ന്, രണ്ട്, മൂന്ന്, നാല് പ്ലാറ്റ്‌ഫോമുകളിൽ മുമ്പ് കാത്തിരിപ്പ് സൗകര്യമുണ്ടായിരുന്നു. മാസങ്ങൾക്കുമുമ്പ് ഒന്നാം പ്ലാറ്റ്‌ഫോമിലെ പ്രവേശന കവാടത്തിനടുത്തുള്ള വിശ്രമ ഹാൾ അടച്ചു. പുരുഷന്മാർക്കും വനിതകൾക്കും വെവ്വേറെ വിശ്രമകേന്ദ്രമുണ്ടായിരുന്നു. ഈ സൗകര്യമാണ് ഇല്ലാതായത്. നാലാം പ്ലാറ്റ്‌ഫോമിലെ രണ്ട് വിശ്രമ ഹാളുകളും അടുത്തിടെ ഇല്ലാതായി. പകരം ആരംഭിച്ചതാകട്ടെ പണമീടാക്കിയുള്ള എസി വെയ്‌റ്റിങ് ഹാളും സാധാരണ വെയ്‌റ്റിങ് ഹാളുമാണ്. ശുചിമുറിയുടെ സൗകര്യക്കുറവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. റെയിൽവേ നവീകരണ പ്രവൃത്തനം ഇഴയാൻ കാരണം കരാർ കമ്പനിയായ റാങ്ക് പ്രോജക്ട്‌സ് ആന്‍ഡ് ഡെവലപേഴ്സിന്റെ അനാസ്ഥ. 2027 ജൂണിൽ നവീകരണം പൂർത്തിയാക്കാനാണ് കരാർ. എന്നാൽ, 25 ശതമാനം മാത്രമാണ് പൂർത്തിയായത്. വേറെ കമ്പനിയെ ചുമതലയേൽപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, നവീകരണം ഉൗർജിതമാക്കുമെന്ന ഉറപ്പിൽ നിലവിലെ കന്പനിയെ തുടരാൻ അനുവദിക്കുമെന്നാണ് അറിയുന്നത്. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണം വൈകിയപ്പോൾ ഇതേ കന്പനിയുമായുള്ള കരാർ മാസങ്ങൾക്കുമുന്പ് റദ്ദാക്കിയതാണ്.










0 comments