ad
Deshabhimani

തുടങ്ങി ചെറുമീൻ പിടിത്തം

 ഹാര്‍ബറില്‍ പ്രദര്‍ശിപ്പിച്ച ചെറുമത്സ്യം പിടിക്കുന്നത് നിരോധിച്ച് സർക്കാർ പുറത്തിറക്കിയ നിർദേശം

ഹാര്‍ബറില്‍ പ്രദര്‍ശിപ്പിച്ച ചെറുമത്സ്യം പിടിക്കുന്നത് നിരോധിച്ച് സർക്കാർ പുറത്തിറക്കിയ നിർദേശം

വെബ് ഡെസ്ക്

Published on Aug 08, 2026, 01:10 AM | 1 min read

ഫറോക്ക്

​ മൺസൂൺകാല ട്രോളിങ് നിരോധനം അവസാനിച്ചതിനൊപ്പം അനധികൃതമായി ചെറുമീനുകളേയും കടൽ ജീവികളേയും പിടിച്ചെടുക്കലും തുടങ്ങി. എളുപ്പത്തിൽ അമിതലാഭം നേടാനുള്ള ഒരു വിഭാഗത്തിന്റെ നിയമം ലംഘിച്ചുള്ള ഈ കടൽ കൊള്ളക്കെതിരെ നടപടിയെടുക്കാനും അധികൃതർക്കാവുന്നില്ല. ​ബോട്ടുകൾ മീൻപിടിത്തത്തിനിറങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ടൺ കണക്കിന് ചെറുമീനുകൾ ഉൾപ്പെടെയുള്ള മത്സ്യങ്ങളാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്നും കേരളത്തിനകത്തും പുറത്തുമുള്ള വളം, - പക്ഷിത്തീറ്റ നിർമാണ ശാലകളിലേക്ക് കയറ്റി പോയതെന്ന് തൊഴിലാളികൾ പറയുന്നു. ​ നിലവിൽ 58 ഇനം ചെറു മത്സ്യങ്ങൾ പിടിക്കാൻ നിയമപരമായ വിലക്കുണ്ട്. മത്സ്യ സമ്പത്തിന്റെ നാശത്തിനിടയാക്കുന്നതും കടലിന്റെ സ്വാഭാവിക അവസ്ഥയെ തകിടംമറിച്ചും അടിത്തട്ടാകെ കോരിയെടുക്കുന്ന മത്സ്യബന്ധനം കർശനമായി തടയണമെന്ന് മത്സ്യമേഖലയിലെ എല്ലാ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും വക വയ്ക്കാതെയാണ് ഹാർബർ കേന്ദ്രീകരിച്ചുള്ള പ്രത്യേക ലോബി നിയമലംഘനം ആവർത്തിക്കുന്നത്. ​മത്സ്യങ്ങളുടെ യഥാർഥ വളർച്ചയെത്തുംമുമ്പ് കൂട്ടത്തോടെ കുഞ്ഞുമത്സ്യങ്ങളെ പിടിച്ചെടുക്കുന്നത് മത്സ്യമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. അനധികൃത മീൻപിടിത്തത്തിനെതിരെ ഫിഷറീസ് -മറൈൻ എൻഫോഴ്സ്മെന്റ്‌ വിഭാഗങ്ങൾ പരിശോധന കർശനമാക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home