വിദ്യാർഥി പ്രസ്ഥാനത്തിന് വേരുപടർത്തിയ നേതാവ്...

അന്തരിച്ച സിപിഐ എം നേതാവും മുന്‍ മേയറുമായ ടി പി ദാസന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കുന്നു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രദീപ്കുമാര്‍, പി മോഹനന്‍ തുടങ്ങിയവര്‍ സമീപം.
കോഴിക്കോട്
1967ൽ രാമു കാര്യാട്ടിന്റെ ക്ഷണം സ്വീകരിച്ച് സിനിമ പഠിക്കാനായി ചെലവൂർ വേണു മദ്രാസിലേക്ക് വണ്ടി കയറി. വേണു പോയ ഒഴിവിലാണ് കേരള സ്‌റ്റുഡന്റ് ഫെഡറേഷൻ ജില്ലാ സെക്രട്ടറിയായി ടി പി ദാസനെ തെരഞ്ഞെടുത്തത്. വിദ്യാർഥി നേതാവായ ദാസൻ എല്ലാവിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങി യുവജന പ്രസ്ഥാനത്തിന്റെയും നേതൃരംഗത്തെത്തി. തുടർന്ന് മൂന്നുപതിറ്റാണ്ടിലേറെ ജില്ലയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായി. കമ്യൂണിസ്‌റ്റ് പാർടി പിളർന്നതിനെ തുടർന്ന് കേരള സ്‌റ്റുഡന്റ് ഫെഡറേഷൻ ദുർബലമായ കാലത്ത് ജില്ലയിലാകെ പ്രസ്ഥാനത്തിന്റെ വേരുപടർത്താൻ പാർടി ചുമതലപ്പെടുത്തിയത് ടി പി ദാസനെയായിരുന്നു. ആ ദൗത്യം ഭംഗിയോടെ ദാസൻ നിർവഹിച്ചു. കെഎസ്‌യുവായിരുന്നു അന്ന് കലാലയങ്ങളിലെ പ്രമുഖ സംഘടന. നഗരത്തിലെ മൂന്ന് കോളേജുകൾക്കുപുറമെ മടപ്പള്ളി കോളേജും ഫാറൂഖ് കോളേജുമാണ് ജില്ലയിലുണ്ടായിരുന്നത്. നഗരത്തിനകത്തുള്ള ഗുരുവായൂരപ്പൻ കോളേജിലും ക്രിസ്ത്യൻ കോളേജിലും ദേവഗിരി കോളേജിലും പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തോട് വലിയ ആഭിമുഖ്യമില്ലായിരുന്നു. അതിനെയെല്ലാം മറികടന്ന് ജില്ലയിലാകെ കെഎസ്എഫിന് അടിത്തറയിട്ടത് ദാസന്റെ നേതൃപാടവമായിരുന്നു. വിദ്യാർഥി നേതാവായി പ്രവർത്തിക്കവേ അറിഞ്ഞ ജീവിതപാഠമാണ് തന്നിലെ കണിശതയും കൃത്യതയുമെന്നും സഖാക്കളോട് പലപ്പോഴും പറയുമായിരുന്നു. അന്ന് കോൺവെന്റ് റോഡിൽ ദേശാഭിമാനിയോട് ചേർന്നായിരുന്നു കമ്യൂണിസ്‌റ്റ് പാർടി ഓഫീസ്. ഇ കെ നായനാർ ആയിരുന്നു ജില്ലാ സെക്രട്ടറി. ഒരിക്കൽ നായനാർ മറ്റു സഖാക്കൾക്കൊപ്പം ചായ കുടിക്കാനിറങ്ങിയപ്പോൾ ടി പി ദാസനെയും കൂട്ടി. എന്നാൽ ദാസന്റെ കാശ് മാത്രമാണ് നായനാർ കൊടുത്തത്. ഇവൻ വിദ്യാർഥി സംഘടനാ പ്രവർത്തകനാ... പണിയും വരുമാനവുമൊന്നുമില്ലാത്തതുകൊണ്ട് ഇവന്റെ പണം ഞാൻ കൊടുത്തു എന്നായിരുന്നു മറ്റു സഖാക്കളോട് നായനാർ പറഞ്ഞതെന്ന് ദാസന്റെ സ്‌നേഹസ്‌മരണ പങ്കിട്ട മുതിർന്ന സിപിഐ എം നേതാവും ബന്ധുവുമായ പി വിശ്വൻ പറഞ്ഞു. അന്നത്തെ വിദ്യാർഥി സംഘടനാ നേതാക്കളായിരുന്ന പിണറായി വിജയൻ, വൈക്കം വിശ്വൻ തുടങ്ങിയവരുമായുള്ള ബന്ധം ആഴത്തിലുള്ളതായിരുന്നു. പാർടി പിളർന്നപ്പോഴും ദാസൻ ശരിയായ നിലപാടിൽ അടിയുറച്ചുനിന്നു. 1968 ലാണെന്നാണ് ഓർമ, വിദ്യാർഥികളുടെ കൺവൻഷൻ കൊല്ലത്ത് വിളിച്ചുചേർത്തത്. ആ കൺവൻഷനിൽ വൈക്കം വിശ്വനും മറ്റും അടങ്ങുന്ന പ്രസീഡിയവും പിണറായി വിജയൻ ഉൾപ്പടെയുള്ള സ്റ്റിയറിങ് കമ്മിറ്റിയുമാണ് പ്രവർത്തിച്ചത്. ആ കൺവൻഷനിൽ പൊളിറ്റിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചത് പിണറായിയായിരുന്നു. നക്സലിസത്തെ ന്യായീകരിച്ച് ഫിലിപ്പ് എം പ്രസാദും റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾ പൊടിപൊടിച്ചു. എന്നാൽ ആശയവ്യക്തത കൂടുതലുണ്ടായിരുന്നത് പിണറായി അവതരിപ്പിച്ച റിപ്പോർട്ടിനായിരുന്നു. ഒടുവിൽ വോട്ടിങ്ങിന് നിൽക്കാതെ ഫിലിപ്പ് എം പ്രസാദും കൂട്ടരും മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. തുടർന്ന് സ്റ്റുഡന്റ് ഫെഡറേഷന്റെ പുതിയ ഭാരവാഹികളായി വൈക്കം വിശ്വനെയും പിണറായി വിജയനെയും തെരഞ്ഞെടുത്തു. ഇൗ കമ്മിറ്റിയിൽ സഹഭാരവാഹിയായി ടി പി പ്രവർത്തിച്ചതും വിശ്വൻ അനുസ്‌മരിച്ചു.










0 comments