ഓണത്തിന് നിറമേകാൻ ‘നിറപ്പൊലിമ’

കുടുംബശ്രീ തിക്കോടി സിഡിഎസിന് കീഴിലെ പൂക്കൃഷി
കോഴിക്കോട്
തിരുവോണ നാളുകൾക്ക് നിറപ്പൊലിമ പകരാൻ ചെണ്ടുമല്ലികൾ മൊട്ടിടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ 09.35 ഏക്കറിലാണ് ഇക്കുറി ‘നിറപ്പൊലിമ’ കൃഷി. പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനിലെയും 322 വാർഡുകളിൽ ഇക്കുറി പൂക്കൃഷി നടക്കുന്നുണ്ട്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിയാണ് പൂപ്പാടങ്ങളിൽ കൂടുതലും. കഴിഞ്ഞ വർഷം 137 ഏക്കറിലായിരുന്നു കൃഷിയിറക്കിയത്. മികച്ച സ്വീകാര്യതയായിരുന്നു കൃഷിക്ക് മുൻവർഷങ്ങളിൽ ലഭിച്ചത്. പലരും കൃഷിടയത്തിൽനിന്നുതന്നെ പൂ വാങ്ങിയിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് പൂക്കൾ വിറ്റ സംഘങ്ങളുമുണ്ടായിരുന്നു. കുടുംബശ്രീ സിഡിഎസുകൾക്ക് കീഴിലുള്ള സംഘകൃഷി ഗ്രൂപ്പുകളാണ് (ജെഎൽജി) കൃഷിക്ക് നേതൃത്വം നൽകുന്നത്. ഇടനിലക്കാരില്ലാതെ കച്ചവടംചെയ്യുന്നത് മികച്ച വരുമാനവും ഉറപ്പാക്കിയിരുന്നു. കോഴിക്കോട്ടെ വിപണിയിൽ 30 ശതമാനത്തോളം കുടുംബശ്രീ പ്രവർത്തകർ ഉൽപ്പാദിപ്പിച്ച ചെണ്ടുമല്ലിയാണ് കഴിഞ്ഞ വർഷം എത്തിയത്. 160 രൂപവരെയാണ് ഇപ്പോൾ ചെണ്ടുമല്ലിക്ക് വിപണി വില. മഴ മാറിനിൽക്കുകയും മികച്ച വിളവുണ്ടാവുകയുംചെയ്താൽ ഓണക്കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയാണ് കുടുംബശ്രീ പ്രവർത്തകർക്ക്. പൂക്കളുടെ ഭംഗിയാസ്വദിക്കാനായി കുടുംബശ്രീയുടെ പാടങ്ങളിൽ നിരവധിയാളുകളാണ് എത്തുന്നത്. ഫോട്ടോയെടുക്കാനും റീലുകൾ ചിത്രീകരിക്കാനും എത്തുന്നവരിൽനിന്ന് ചെറിയ വരുമാനവും കർഷകർക്ക് ലഭിക്കാറുണ്ട്. തൈ വൈകി, ഓണത്തിന് വിരിയുമോ കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കൃഷിയിറക്കിയതെങ്കിൽ ഇക്കുറി ജൂൺ പകുതിയോടെയാണ് കൂടുതൽ സംഘങ്ങളും തൈ നട്ടത്. കൃഷിഭവനുകളിൽനിന്ന് തൈകൾ കിട്ടാൻ വൈകിയതാണ് കാരണമായത്. അത്തം പിറക്കാൻ ഒരാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും കാര്യമായി പൂ വിരിഞ്ഞിട്ടില്ല. പരിഹാരം തേടി ഹോർമോൺ ചികിത്സയടക്കം പല സംഘങ്ങളും നടത്തിയിട്ടുണ്ട്. ഇത് ഫലം കണ്ടില്ലെങ്കിൽ മുടക്കുമുതൽപോലും തിരികെ കിട്ടില്ലെന്ന് മണിയൂർ എളമ്പിലാട്ട് കുന്നോത്ത് കൃഷിചെയ്യുന്ന എ പി സുനിത പറയുന്നു. മഴയും ചതിച്ചു ജൂണിൽ കാര്യമായി പെയ്യാതിരുന്ന മഴ ജൂലൈയിൽ കനത്തുപെയ്തതും തിരിച്ചടിയായി. മഴ കൂടുതൽ പെയ്താൽ വിളവ് കുറയും. വെയിൽ നിറഞ്ഞ കാലാവസ്ഥയിലാണ് നിറമുള്ള പൂക്കൾ വിരിയുകയെന്ന് കർഷകർ പറയുന്നു.










0 comments