പതിവായി റോഡപകടങ്ങൾ
ചീറിപ്പാഞ്ഞ് നിയമലംഘനം കണ്ണടച്ച് അധികൃതർ

സ്വന്തം ലേഖകൻ
കോഴിക്കോട്
നിരീക്ഷണ കാമറകൾ കണ്ണടച്ചതോടെയും പരിശോധനകൾ കുറഞ്ഞതോടെയും റോഡിൽ നിയമലംഘനങ്ങൾ വർധിക്കുന്നു. അമിതവേഗം, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കൽ, സിഗ്നൽ ലംഘനം, സയലൻസറുകൾ മാറ്റി ഇരപ്പിച്ചുള്ള കറക്കം തുടങ്ങിയവ പതിവായി. മുൻവർഷങ്ങളിൽ വാഹന പരിശോധനയും നിരീക്ഷണവും ശക്തമായിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ കാമറകളുടെ പ്രവർത്തനം തടസ്സപ്പെട്ടതും കെൽട്രോണിന്റെ സേവനങ്ങൾ നിലച്ചതും നിരീക്ഷണ സംവിധാനത്തെ ബാധിച്ചിട്ടുണ്ട്. എറണാകുളത്തും കോഴിക്കോട്ടും അടുത്തടുത്ത ദിവസങ്ങളിൽ അപകടമുണ്ടായിട്ടും നടപടി സ്വീകരിക്കാൻ പൊലീസോ മോട്ടോർ വാഹന വകുപ്പോ തയ്യാറായിട്ടില്ല. ആഴ്‌ചകൾക്ക് മുന്നേയാണ് കോഴിക്കോട്ട് യൂട്യൂബർ മദ്യലഹരിയിൽ അമിത വേഗതയിൽ ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചതും പൊലീസ് അറസ്റ്റ് ചെയ്തതും. സമാന സംഭവം നെടുമ്പാശേരിയിൽ നടന്നപ്പോൾ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. മദ്യപിച്ച് യുവാക്കൾ ആഡംബര കാറുകളിൽ ചീറിപ്പായുന്നത് കോഴിക്കോട് ബീച്ച് പരിസരത്തെയും സ്ഥിരം കാഴ്‌ചയാണ്. യുവാക്കൾ കൂട്ടാമായെത്തി ബൈക്കിന്റെ ആക്‌സിലറേറ്റർ ഇരപ്പിച്ച് ശബ്‌ദമുണ്ടാക്കുന്നതും പതിവാണ്. മിക്ക വാഹനങ്ങളും നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതോ മറച്ചതോ ആണ്. സമാനരീതിയിൽ ലോറികളുമുണ്ട്. രജിസ്‌ട്രേഷൻ നമ്പർ കൃത്യമായി പ്രദർശിപ്പിക്കാതെയാണ് വലിയ ലോറികളുടെയും ഓട്ടം. ദേശീയപാത നിർമാണത്തിനിടെ പ്രവർത്തനം നിലച്ച കാമറകൾ പിന്നീട് ശരിയാക്കാൻ ശ്രമിച്ചിട്ടുമില്ല. കാമറകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.








0 comments