Deshabhimani

 കക്കൂസ് മാലിന്യം തള്ളിയത്‌ ചോദ്യം ചെയ്‌തു

ഡിവൈഎഫ്ഐ പ്രവർത്തകരെ 
ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമം

a
വെബ് ഡെസ്ക്

Published on Oct 10, 2026, 01:12 AM | 1 min read

വടകര

കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ ലോറിയെ പിന്തുടർന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ വാഹനം തട്ടിച്ച് അപായപ്പെടുത്താൻ ശ്രമം. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ്‌ ടി ടി ജനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എസ് രോഹിത് എന്നിവരെയാണ് വാഹനമിടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചത്. അപകടത്തിൽ ടി ടി ജനീഷിന്റെ കൈക്ക് പരിക്കേറ്റു. വെള്ളി പുലർച്ചെ രണ്ടരയോടെയാണ് വടകരയിലെ വൺ ടൂ ത്രീ മാളിൽനിന്ന് കക്കൂസ് മാലിന്യം ശേഖരിച്ച് ടാങ്കർ ലോറി ദേശീയപാതയുടെ ഫയർ സ്റ്റേഷൻ റോഡിന് സമീപം പൊതുസ്ഥലത്ത് തള്ളുന്നത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പോയി തിരികെ വരികയായിരുന്നു ഇവർ. രണ്ട് ടാങ്കർ ലോറികളിലായാണ് കക്കൂസ് മാലിന്യം തള്ളിയത്. ദേശീയപാതയിലെ കോടക്കടവ് റെയിൽവേ ഗേറ്റിന് പരിസരത്തും മാലിന്യം തള്ളിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടർന്നതോടെ ഒരു ടാങ്കർ ലോറി ചോറോട് ഭാഗത്തേക്ക് ഓടിച്ചുപോയി. കൈനാട്ടി ജങ്ഷനിൽനിന്ന്‌ വീണ്ടും വടകര ഭാഗത്തേക്കുതന്നെ തിരിച്ചുവന്നു. പിൻഭാഗത്ത് നമ്പർപ്ലേറ്റ് ഇല്ലാത്ത ഈ വാഹനങ്ങളെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്ന് പിന്തുടർന്നെങ്കിലും മാലിന്യം തള്ളി കോഴിക്കോട് ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ലോറിയെ ജനീഷും രോഹിത്തും ബൈക്കിൽ കോഴിക്കോട് തൊണ്ടയാടുവരെ പിന്തുടർന്നു. ഇതിനിടയിലാണ് ഡ്രൈവർ ലോറി ബൈക്കിലിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. പിന്തുടർന്ന ഇവർക്കുനേരെ അസഭ്യവർഷവും ഭീഷണിയും ഉണ്ടായി. ഡിവൈഎഫ്ഐ വടകര പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും ഇല്ലെങ്കിൽ അതിശക്തമായ പ്രതിഷേധം നടത്തുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കക്കൂസ് മാലിന്യം തള്ളിയ ഇടങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home